16 May Sunday
-രണ്ട്‌ ഡോസ്‌ കിട്ടിയത്‌ 
2.98 ശതമാനത്തിനുമാത്രം

ഒറ്റമാസം; കുത്തിവയ്‌പ് പകുതിയായി ഇടിഞ്ഞു ; ശരാശരി പ്രതിദിന കുത്തിവയ്‌പ് 17.85 ലക്ഷംമാത്രം

എം പ്രശാന്ത്‌Updated: Sunday May 16, 2021


ന്യൂഡൽഹി
മോഡി സർക്കാരിന്റെ ആലോചന കൂടാതെയുള്ള  നടപടികള്‍ വാക്‌സിൻ ക്ഷാമം രൂക്ഷമാക്കിയതോടെ രാജ്യത്ത്‌ പ്രതിദിന കുത്തിവയ്‌പിൽ ഗണ്യമായ ഇടിവ്‌. മെയ്‌ ഒമ്പതുമുതൽ 15 വരെയുള്ള ആഴ്‌ചയിൽ കുത്തിവച്ചത് 1.25 കോടി ഡോസ്‌ മാത്രം. ശരാശരി പ്രതിദിന കുത്തിവയ്‌പ് 17.85 ലക്ഷം മാത്രം. ഏപ്രിൽ മൂന്നുമുതൽ ഒമ്പതുവരെയുള്ള ആഴ്‌ചയിൽ ഇത്‌‌ 35.35 ലക്ഷമായിരുന്നു‌. ഒറ്റ മാസത്തെ ഇടവേളയിൽ കുത്തിവയ്‌പ് ഇടിഞ്ഞത് പകുതിയോളം. 

ഏപ്രിൽ മൂന്ന്‌–- ഒമ്പത്‌ കാലയളവിൽ 2.47 കോടി ഡോസ് കുത്തിവച്ചു. തൊട്ടടുത്ത ആഴ്‌ചകളിൽ ഇത്‌ 2.08 കോടി, 1.7 കോടി, 1.55 കോടി, 1.22 കോടി എന്നിങ്ങനെയായി ഇടിഞ്ഞു. പ്രതിദിന രോഗികൾ നാലു ലക്ഷവും പ്രതിദിന മരണം നാലായിരവും കടന്ന ഘട്ടത്തിലാണ്‌  കുത്തിവയ്‌പ് ഇടിഞ്ഞത്‌. മെയ്‌ ഒന്നുമുതൽ യുവജനങ്ങള്‍ക്കും വാക്‌സിൻ നൽകാന്‍ കേന്ദ്രം തീരുമാനിച്ചിട്ടും കുത്തിവയ്‌പ് ഇടിഞ്ഞു.

ഞായറാഴ്‌ചത്തെ വാക്‌സിൻ കുത്തിവയ്‌പ് കണക്കും വ്യത്യസ്‌തമല്ല. വൈകിട്ട്‌ ആറുവരെയുള്ള കണക്കുപ്രകാരം തെലങ്കാന, ത്രിപുര, ആൻഡമാൻ എന്നിവിടങ്ങളിൽ കുത്തിവയ്‌പ് നടന്നില്ല. മധ്യപ്രദേശിൽ 227, അരുണാചലിൽ 390, യുപിയിൽ 989, ഒഡിഷയിൽ 1304, ഹിമാചലിൽ 3452, ഛത്തീസ്‌ഗഢിൽ 3917, പഞ്ചാബിൽ 4710, ജമ്മു–-കശ്‌മീരിൽ 7811, ആന്ധ്രയിൽ 8982 കുത്തിവയ്‌പ് മാത്രം. സംസ്ഥാനങ്ങൾ നേരിട്ട്‌ വാക്‌സിൻ വാങ്ങി തുടങ്ങിയെങ്കിലും കുറഞ്ഞ അളവിൽ മാത്രമാണ്‌ വിതരണം.

വാക്‌സിനെടുത്തിട്ടും ആശുപത്രിവാസം വേണ്ടിവന്നത് 0.06 ശതമാനത്തിനുമാത്രം
കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചവരിൽ ആശുപത്രി ചികിത്സ വേണ്ടിവന്നത്‌ 0.06 ശതമാനം പേര്‍ക്ക് മാത്രമെന്ന്‌ പഠനം. വാക്‌സിനെടുത്ത 97.38 ശതമാനത്തിനും വൈറസിൽനിന്ന്‌ സംരക്ഷണം ലഭിച്ചെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനം ചൂണ്ടിക്കാട്ടി. കോവിഷീൽഡ്‌ നൽകിത്തുടങ്ങിയശേഷമുള്ള 100 ദിവസം രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവരെ നിരീക്ഷിച്ചാണ്‌ പഠനം നടത്തിയത്‌. വാക്‌സിൻ 100 ശതമാനം സംരക്ഷണം നൽകില്ല. എന്നാൽ, ഗുരുതര പ്രത്യാഘാതങ്ങളെ ഇത്‌ ചെറുക്കുമെന്ന്‌ പഠനം അടിവരയിടുന്നതായി അപ്പോളോ ഗ്രൂപ്പിന്റെ മെഡിക്കൽ ഡയറക്‌ടർ ഡോ. അനുപം സിബൽ പറഞ്ഞു.

-രണ്ട്‌ ഡോസ്‌ കിട്ടിയത്‌ 
2.98 ശതമാനത്തിനുമാത്രം
കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ് നാലുമാസം പിന്നിടുമ്പോഴും രണ്ട്‌ ഡോസും കിട്ടിയത്ജനസംഖ്യയിൽ മൂന്നു ശതമാനത്തിൽ താഴെ ആളുകള്‍ക്ക് മാത്രം.മെയ്‌ 15 വരെ രണ്ടുഡോസും കിട്ടിയത് 4.048 കോടി പേര്‍ക്ക്.ജനസംഖ്യയുടെ 2.98 ശതമാനം മാത്രം. 10.13 കോടി പേർക്ക് ആദ്യ‍ഡോസ് കിട്ടി. ജനുവരി 16നാണ്‌ കുത്തിവയ്‌പ് തുടങ്ങിയത്.

കുത്തിവയ്‌പുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചാൽ മാത്രമേ ഈ വർഷം അവസാനത്തോടെയെങ്കിലും ജനസംഖ്യയുടെ പകുതി ശതമാനം പേരിലേക്ക്‌ വാക്‌സിൻ എത്തിക്കാനാകൂ. കോവിഷീൽഡും കോവാക്‌സിനും ഉത്പാദനം കൂട്ടാന്‍ ജൂലൈ ആകും. സ്‌പുട്‌നിക് വാക്‌സിന്റെ ആഭ്യന്തര ഉൽപ്പാദനത്തിനും മാസങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വരും.   ആകെ വാക്‌സിൻ കുത്തിവയ്‌പുകളുടെ എണ്ണം 18.22 കോടിയിലേറെയായി. 24 മണിക്കൂർ കാലയളവിൽ 17.33 ലക്ഷം വാക്‌സിൻ ഡോസുകൾ കുത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top