16 May Sunday

ബ്ലാക്ക്‌ ഫംഗസ്‌ ബാധ സംസ്ഥാനത്തും; നിലവിൽ അപകട സ്ഥിതിയില്ല

സ്വന്തം ലേഖകൻUpdated: Sunday May 16, 2021

തിരുവനന്തപുരം > മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ട്‌ ചെയ്ത ബ്ലാക്ക്‌ ഫംഗൽബാധ സംസ്ഥാനത്തും അപൂർവമായി റിപ്പോർട്ട്‌ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്ത്‌ അപകട സ്ഥിതിയില്ല. വളരെ ഒറ്റപ്പെട്ട കേസുകളാണ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌.

കാഴ്ചയെയും തലച്ചോറിനെയുംവരെ ബാധിച്ചേക്കാവുന്ന ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകോർമൈകോസിസ്‌ ഗുരുതരമായ ഫംഗൽ ബാധയാണിത്‌. കോവിഡ്‌ രോഗമുക്തി നേടുന്നവരിലാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. ശരീര ഭാഗങ്ങളിൽ നീര്, തലവേദന, ശരീര വേദന, ചുമ, ശ്വാസംമുട്ട്, ഛർദി എന്നിവയെല്ലാമാണ്‌ ലക്ഷണങ്ങൾ. നഖം, ചർമം എന്നിവയുടെ നിറം കറുപ്പായി മാറുന്നതും ലക്ഷണമാണ്‌.

എന്നാൽ, കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പും സംസ്ഥാനത്ത്‌   ഇത്തരത്തിലുള്ള രോഗാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച്‌ പരിശോധന നടത്തുന്നു. മെഡിക്കൽ കോളേജുകളിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡിപ്പാർട്ട്മെന്റുകളും ഇക്കാര്യം ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന ഗുരുതരമായ അവസ്ഥയാണിത്‌. വാക്സിൻ സ്വീകരിച്ചും മാസ്ക്‌ ധരിച്ചും ആഹാരം കഴിച്ചും പ്രതിരോധശേഷി വീണ്ടെടുക്കണമെന്നാണ്‌ വിദഗ്ധാഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top