പടുപ്പ് > ഉക്രൈനിലേക്ക് വിസ വാഗ്ദാനം ചെയ്തു കെ എസ് യു കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമും സഹോദരനും സംഘവും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തകന്റെ പരാതി. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ബന്തടുക്കയിലെ മാത്യൂസ് സ്‌കറിയ നൽകിയ പരാതിയിൽ അന്വേഷണത്തിനുത്തരവിട്ടു.
ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. പലപ്പോഴായി 4,79,000 രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. വ്യാജ വിസ നൽകി വഞ്ചിക്കുകയായിരുന്നു. പണം തിരിച്ചു നൽകാൻ ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുകയാണ്.
മാർട്ടിനെകൂടാതെ സഹോദരൻ ടിൽവിൻ എബ്രഹാം, ജിനു ബാബു, മനു വർഗീസ്, സുനിൽ ചന്ദ്രൻ, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി. പ്രതികൾ കൊടുത്ത വ്യാജവിസയും മറ്റ് രേഖകളും ഉപയോഗിച്ച് വിമാനം കയറിയ മാത്യൂസക്കറിയ വിമാനത്താവളത്തിൽ വച്ചു ഉക്രൈൻ അധികൃതരുടെ പിടിയിലാവുകയും തിരിച്ചയക്കുകയുമായിരുന്നു. കടുത്ത നടപടി കൂടാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പറഞ്ഞു. പാർടി സ്വാധീനം ഉപയോഗിച്ച് വിദ്യാർഥി നേതാവിന്റെ നേതൃത്വത്തിൽ വൻ വ്യാജവിസാ സംഘം പ്രവർത്തിക്കുന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..