മാഡ്രിഡ്
അത്‌ലറ്റികോ മാഡ്രിഡിന് പിന്നാലെ കൂടി റയൽ മാഡ്രിഡ്. ഗ്രനഡയെ 4–-1ന് തകർത്ത് സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് കിരീടപ്രതീക്ഷ നിലനിർത്തി. രണ്ട് കളി ശേഷിക്കേ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള അന്തരം രണ്ട് പോയിന്റാണ്. 36 കളിയിൽ ഒന്നാമതുള്ള അത്‌ലറ്റികോയ്‌ക്ക് 80. റയലിന് 78. ബാഴ്‌സലോണയ്‌ക്ക് 76. കരുത്തരായ റയൽ സോസിഡാഡിനെ വീഴ്‌ത്തിയാണ് അത്‌ലറ്റികോ ലീഡുയർത്തിയത് (2–-1).
നാളെ അത്‌ലറ്റികോ ഒസാസുനയെ തോൽപ്പിക്കുകയും, റയൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ ജയം നേടാതിരിക്കുകയും ചെയ്‌താൽ 2014നുശേഷം ദ്യേഗോ സിമിയോണിയുടെ അത്‌ലറ്റികോ സ്‌പാനിഷ് ലീഗ് കിരീടമുയർത്തും.
ഗ്രനഡയ്‌ക്കെതിരെ സമ്പൂർണ ജയമായിരുന്നു റയലിന്. ലൂക്കാ മോഡ്രിച്ചിന്റെയും റോഡ്രിയുടെയും ഗോളിൽ ആദ്യപകുതുയിൽ അവർ രണ്ട് ഗോളിന് ലീഡെടുത്തു. ഇടവേള കഴിഞ്ഞ് ജോർജ് മെളിന ഗ്രനഡയ്‌ക്ക് പ്രതീക്ഷ നൽകി. എന്നാൽ ഒരു മിനിറ്റിനിടെ രണ്ടടിച്ച് റയൽ അവരുടെ സർവപ്രതീക്ഷകളെയും തച്ചുകെടുത്തി. അൽവാരോ ഒഡ്രിസോളയും കരീം ബെൻസെമയുമായിരുന്നു ഇത്തവണ നിറയൊഴിച്ചത്. റയലിനായി അരങ്ങേറിയ പത്തൊമ്പതുകാരൻ മിഗ്വേൽ ഗുടിയെറെസ് മികച്ച പ്രകടനം നടത്തി.
പട്ടികയിൽ അഞ്ചാമതുള്ള സോസിഡാഡിനെതിരെ അച്ചടക്കത്തോടെയാണ് അത്‌ലറ്റികോ പന്തുതട്ടിയത്. തുടക്കത്തിലെ അവർ ആധിപത്യം പുലർത്തി. യാനിക് കറാസ്‌കോയും ഏഞ്ചൽ കൊറിയയുമാണ് ഗോളുകൾ നേടിയത്. കളിയവസാനം ഇഗർ സുബെൽദിയ സോസിഡാഡിന്റെ ആശ്വാസം കണ്ടെത്തി. നാളെ നിർണായക പോരാണ് അത്‌ലറ്റികോയ്‌ക്കും റയലിനും. ബാഴ്‌സലോണ സെൽറ്റ വിഗോയെ നേരിടും. രാത്രി പത്തിനാണ് ഈ മൂന്ന് കളികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..