ചാലക്കുടി > അഞ്ചുമാസം മുമ്പ് ചാലക്കുടി പുഴയിൽ മറിഞ്ഞ കണ്ടെയ്‌നർ ലോറി പുറത്തെടുത്തു. ഇതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി വർഷക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുമെന്ന ആശങ്കയ്‌ക്ക് അറുതിയായി. മൂന്ന് ക്രെയിനുകളുടെ സഹായത്തോടെ മൂന്നര മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ലോറി പുറത്തെടുത്തത്. ദേശീയപാത എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തികൾ നടത്തിയത്.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് എറണാകുളത്തേക്ക് കാർ കയറ്റിവന്ന കണ്ടെയ്‌നർ ലോറി തിരിച്ചുപോകുന്നതിനിടെ ചാലക്കുടി പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് പുഴയിലേക്ക് പതിച്ചത്. ലോറി പുറത്തെടുക്കാൻ നേരത്തേ ഒരു ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. ലോറി പുറത്തെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഇതിന് പല അവധികൾ പറഞ്ഞതല്ലാതെ ലോറി ഉയർത്താനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
കാലവർഷം കടുക്കുന്നതോടെ പുഴയിലെ ഒഴുക്കിന് ലോറി തടസ്സമാകുമെന്നും ഇതുമൂലം പ്രളയസാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനുള്ള ഉത്തരവുണ്ടായത്. വെള്ളിയാഴ്ച രാവിലെ 6.30ഓടെ ആരംഭിച്ച പ്രവൃത്തികൾ 9.45ഓടെയാണ് അവസാനിച്ചത്. കണ്ടെയ്‌നറാണ് ആദ്യം പുറത്തെടുത്തത്. ലോറിയിൽനിന്നും വേർപെട്ടു കിടന്നിരുന്ന ഡ്രൈവർക്യാബിനും പിന്നീട് പുറത്തെടുത്തു. പുഴയിൽ നിന്നും പുറത്തെടുത്ത ലോറി മുരിങ്ങൂരിൽ ദേശീയപാതയോരത്തെ ഒഴിഞ്ഞ സ്ഥലത്ത് മാറ്റിയിട്ടിരിക്കുകയാണ്. ഇത് പിന്നീട് നീക്കം ചെയ്യും.
എറണാകുളത്തെ കൃപ ക്രെയിൻ സർവീസാണ് ലോറി പുറത്തെടുത്തത്. മുംബൈ ആസ്ഥാനമായുള്ള മാനേജ്‌മെന്റ് ആട്ടോസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കണ്ടെയ്‌നർ. ലോറി പുറത്തെടുത്തതിനന്റെ മുഴുവൻ ചെലവും കമ്പനിയാണ് വഹിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..