തൃശൂർ > ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ മൂന്ന് പ്രതികളെക്കൂടി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രധാന പ്രതി രഞ്ജിത്ത് ഉൾപ്പെടെ മൂന്നുപേരെയാണ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. ഒരു പ്രതി രണ്ടുലക്ഷം രൂപവീതം പത്തുപേരുടെ കൈയിൽ ഏൽപ്പിച്ചതായി പൊലീസിനു വിവരമുണ്ട്. ഇവരുടെ മൊഴികൾ നിർണായകമാവും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുമ്പാണ് കൊടകരയിൽ കാറപകടമുണ്ടാക്കി പണം കവർന്നത്. കാർ ഡ്രൈവർ നൽകിയ പരാതിപ്രകാരം 25 ലക്ഷം രൂപയാണു നഷ്ടമായത്. എന്നാൽ, പ്രതികളിൽനിന്ന് 47.5 ലക്ഷം രൂപ കണ്ടെത്തി. കേസിൽ 19 പേരെ അറസ്റ്റ് ചെയ്‌തു.
നഷ്‌ടപ്പെട്ട 25 ലക്ഷം രൂപ കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പണം കൊണ്ടുവരുന്നതിന്റെ ചുമതല ആർഎസ്എസ്–ബിജെപി പ്രവർത്തകനായ വ്യവസായി ധർമരാജനായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൂന്നരക്കോടി രൂപ കാറിലുണ്ടായിരുന്നതായും വിവരം ലഭിച്ചു. പണത്തിന്റെ ഉറവിടവും വിതരണവും പുറത്തുവന്നതോടെ ഉന്നത ബിജെപി നേതാക്കൾ കുടുങ്ങുമെന്നാണ് സൂചന. നേരത്തേ റൂറൽ എസ്‌പി ജി പൂങ്കുഴലിയാണ് കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ ഡിഐജി എ അക്‌ബറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..