15 May Saturday

സവർക്കർക്കെതിരായ ലേഖനത്തിൽ മാപ്പുപറഞ്ഞ്‌ മലയാള മനോരമയുടെ "ദ വീക്ക്‌' വാരിക

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ന്യൂഡൽഹി > ഹിന്ദുമഹാസഭാ നേതാവും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കി ജയിലില്‍നിന്നും പുറത്തിറങ്ങിയ വി  ഡി സവര്‍ക്കറെക്കുറിച്ച് അഞ്ചുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് മലയാള മനോരമ പ്രസിദ്ധീകരണമായ "ദ വീക്ക്' വാരിക. മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ എഴുതിയ "എ ലാംപ്, ലയണൈസ്‌ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി "ദ വീക്ക്' അറിയിച്ചത്.

'മലയാള മനോരമ'യുടെ ഉടമസ്​ഥതയിലുള്ളതാണ്​ വാരിക. വി ഡി സവർക്കർ ബഹുമാന്യനാണെന്നും ലേഖനം കാരണം കുടുംബത്തിനുണ്ടായ വിഷമങ്ങൾക്ക്​ ക്ഷമാപണം നടത്തുന്നുവെന്നും 'ദ വീക്ക്​' മേയ്​ 23 ലക്കത്തിൽ മാനേജ്​മെന്‍റ്​ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

എന്നാൽ, വാരികയുടെ ഭാഗത്ത്​ നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന്​ ലേഖകൻ നിരഞ്​ജൻ ടാക്​ലെ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ്​ ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്​ലെ പറഞ്ഞു. സവർക്കറെ കുറിച്ച്​ എഴുതപ്പെട്ടതും ചരിത്ര വസ്​തുതകളുമാണ്​ താൻ എഴുതിയിരിക്കുന്നതെന്നായിരുന്നു ടാക്​ലെയുടെ പ്രതികരണം. വക്കീൽ നോട്ടീസോ മറ്റോ തനിക്ക്​ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ്​ വിവരമറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നാല്​ വർഷങ്ങൾക്ക്​ ശേഷവും തനിക്ക്​ പരാതിയുടെ ​പകർപ്പ് ഔദ്യോഗികമായി​ ലഭിച്ചില്ലെന്ന്​ അദ്ദേഹം 'ന്യൂസ്​ലോൺഡ്രി' യോട്​ പറഞ്ഞു.

സത്യം മനപൂര്‍വ്വം മറച്ചുവെച്ച് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ 2016ല്‍ വീക്കിനെതിരെ പരാതി നല്‍കിയിരുന്നു.

സവര്‍ക്കറെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നുമാണ് "ദ വീക്ക്' പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ ആർ ഗൗരിയമ്മയുടെ മരണത്തെ സംബന്ധിച്ച വാർത്തയിൽ ഇഎംഎസിനെയും ഇ കെ നായനാരെയും കുറിച്ച്‌ തെറ്റായ കാര്യങ്ങൾ എഴുതിയിട്ടും മാപ്പോ, വസ്‌തുതകൾ വിശദീകരിച്ചുള്ള തിരുത്തോ നൽകാൻ മലയാള മനോരമ തയ്യാറായിരുന്നില്ല. അതേ മനോരമയുടെ സഹോദരസ്ഥാപനമാണ്‌ ആർഎസ്‌എസിനെ പ്രീതിപ്പെടുത്താൻ മാപ്പുമായി എത്തിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top