13 May Thursday
അഭിനന്ദിച്ച്‌ ഡൽഹി ഹൈക്കോടതി

ഓക്‌സിജൻ മാസ്‌കുമായി ആശുപത്രിയിൽനിന്ന്‌ കേസ്‌ വാദിച്ച്‌ മലയാളി അഭിഭാഷകൻ

സ്വന്തം ലേഖകൻUpdated: Thursday May 13, 2021

ന്യൂഡൽഹി > കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന്‌ ഓക്‌സിജൻ മാസ്‌ക്‌ ധരിച്ച്‌ വീഡിയോ കോൺഫറൻസിലൂടെ കേസ്‌ വാദിച്ച മലയാളി അഭിഭാഷകന്‌ ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രന്റെ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്ന്‌ ജസ്റ്റിസ്‌ പ്രതിഭ എം സിങ്‌ ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിൽ കബറടക്കിയ ഹിമാചൽപ്രദേശ്‌ സ്വദേശിയായ ഹിന്ദു മതസ്ഥന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ്‌ സുഭാഷ്‌ ചന്ദ്രൻ ഓൺലൈനായി ഹാജരായത്‌. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ്‌ ചന്ദ്രൻ ഏപ്രിൽ 27 മുതൽ ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയിൽ ഓക്‌സിജൻ പിന്തുണയിൽ ചികിത്സയിലാണ്‌.

ഡൽഹിയിൽ ഓക്‌സിജൻ കിടക്ക ലഭിക്കാത്തതിനെ തുടർന്നാണ്‌ ഹിമാചലിലേക്ക്‌ പോയതെന്ന്‌ സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ്‌ ചന്ദ്രൻ പറഞ്ഞു. ഡിവൈഎഫ്‌ഐ ലീഗൽ സബ്‌ കമ്മറ്റി കൺവീനറും അഖിലേന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ഡൽഹി സംസ്ഥാന കമ്മറ്റി എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌ സുഭാഷ്‌ ചന്ദ്രൻ.

സൗദിയിൽ ജനുവരി 24ന്‌ ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ച സഞ്ജീവ്‌ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌  ഭാര്യ അഞ്ജു ശർമ ഹർജി സമർപ്പിച്ചത്‌. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ പരിഭാഷകൻ സഞ്ജീവിന്റെ മതം മുസ്ലിം എന്ന്‌ തെറ്റായി രേഖപ്പെടുത്തിയതോടെ ഫെബ്രുവരി 18ന്‌ മൃതദേഹം കബറടക്കിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച്‌ ഹിന്ദുമത ആചാരപ്രകാരം സംസ്‌കരിക്കാൻ അനുമതിതേടിയായിരുന്നു ഹർജി.

സഞ്ജീവ്‌ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ ബുധനാഴ്‌ച ഉനയിലെ കുടുംബത്തിന്‌ കൈമാറിയെന്ന്‌ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗദി അധികൃതരേയും വിദേശമന്ത്രാലയം ഉദ്യോഗസ്ഥരെയും കോടതി അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top