തിരുവനന്തപുരം
കോവിഡ് കാലത്ത് ഇനി മീൻ വാങ്ങാൻ പുറത്തിറങ്ങേണ്ട. വാട്‌സാപ്പിൽ ഒരു മെസേജ് ഇട്ടാൽ മത്സ്യഫെഡിന്റെ ഉൽപ്പന്നങ്ങൾ വീട്ടിലെത്തും. വീടുകളിലേക്ക് മീൻ എത്തിക്കാനുള്ള ഓൺലൈൻ ഡെലിവറി സൗകര്യം മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. ഫോൺ വഴിയും ഓർഡർ നൽകാം. മത്സ്യഫെഡ് യൂണിറ്റിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി.
ലോക്‌ഡൗൺ ആരംഭിച്ചതോടെ മത്സ്യഫെഡിന്റെ വിൽപ്പനശാലകളിലേക്ക് ആളുകൾക്ക് എത്താനാകാതായി. അഞ്ച് കിലോമീറ്റർ വരെയുള്ള ദൂരത്തിന് 20 രൂപയും 10 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 30 രൂപയുമാണ് ഡെലിവറി ചാർജ്. ന്യായ വിലയ്‌ക്ക് പച്ചമീൻ വീട്ടിലെത്തുമെന്നതാണ് പ്രത്യേകത. ലഭിക്കുന്ന മീനിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്‌തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാകും.ചന്തകളിലെ തിരക്ക് ഒഴിവാക്കാനും മത്സ്യഫെഡിന്റെ പുതിയ വിപണന രീതി സഹായകമാകും. ചീഫ് സെക്രട്ടറിതലത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് പുതിയ പരിഷ്‌കാരങ്ങൾ.
വിഴിഞ്ഞം മുതൽ കോഴിക്കോട് വരെയുള്ള ഹാർബറുകളിൽനിന്ന് ഗുണനിലവാരമുള്ള മത്സ്യം ശക്തികുളങ്ങര ബേസ് സ്‌റ്റാളിൽ സംഭരിച്ചാണ് വിതരണം. ഹാർബറുകളിൽനിന്നുള്ള മത്സ്യത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ ഉൾനാടൻ മത്സ്യവും വിതരണം ചെയ്യും. മത്സ്യഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഫാമുകൾക്കുപുറമെ സ്വകാര്യ ഫാമുകളിലെ മത്സ്യവും ആവശ്യക്കാർക്ക് ലഭ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..