തിരുവനന്തപുരം > കെ ആർ ഗൗരിയമ്മയുടെ ഒരു പ്രണയസാഫല്യത്തിന് സാക്ഷ്യംവഹിച്ച ഇടമാണ് സാനഡു. ഒന്നാം കേരള മന്ത്രിസഭയിൽ മന്ത്രിമാരായിരിക്കെ 1957 മെയ് 30ന് ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും വിവാഹം നടന്നത് ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയായ സാനഡുവിലാണ്. ഇതിന് ഒരു മതിൽ അകലത്തിലായിരുന്നു ടി വിയുടെ റോസ് ഹൗസ്. ഇ എം എസും എം എൻ ഗോവിന്ദൻ നായരും ബന്ധുക്കളുമടക്കം വളരെ കുറച്ചുപേർ മാത്രമാണ് വിവാഹച്ചടങ്ങിന് സാക്ഷിയായത്. ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആലപ്പുഴയിലെ വീട്ടിൽ ഗൗരിയമ്മ സൂക്ഷിച്ചിട്ടുണ്ട്.
പുന്നപ്ര–വയലാർ സമരകാലത്ത് പൂവിട്ട പ്രണയം വിവാഹത്തിൽ എത്തിയതോടെ ഇരുവരുടെയും ഔദ്യോഗിക വസതികൾക്ക് ഇടയിലുള്ള മതിലിൽ ഒരു കിളിവാതിൽ പിറന്നു. രണ്ട് വീട്ടിലേക്കും എത്താൻ റോഡുചുറ്റി സമയം നഷ്ടപ്പെടുത്താതിരിക്കാനായിരുന്നു ഇത്. പിന്നീട് ഇരുവരും പിരിഞ്ഞെങ്കിലും പ്രണയത്തിന്റെ സ്മാരകമായി ആ വാതിൽ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നുണ്ട് ഇവിടെ. താമസക്കാർ പലരും മാറിമാറി വന്നിട്ടും ആ ചെറുവഴി ആരും കെട്ടിയടച്ചില്ല. ഗേറ്റ് ഒക്കെയുള്ള അൽപ്പം വിശാലമായ ഒരു വഴിയാണ് ഇപ്പോഴത്. നിലവിൽ സാനഡു മന്ത്രി എം എം മണിയുടെയും റോസ് ഹൗസ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും ഔദ്യോഗിക വസതിയാണ്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതോടെ പുതിയ താമസക്കാർ എത്തുമെങ്കിലും ഗൗരിയമ്മയുടെയും ടി വിയുടെയും പ്രണയസ്മാരകമായി ഈ കിളിവാതിൽ അവിടെ തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..