11 May Tuesday

ലില്ലെ കിരീടത്തിലേക്ക്‌ ; പിഎസ്‌ജിക്ക്‌ സമനില

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021


പാരിസ്‌
ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗ്‌ കിരീടം പിഎസ്‌ജിയിൽനിന്ന്‌ വഴുതുന്നു. റെന്നെസുമായി സമനില വഴങ്ങിയതോടെയാണ്‌ നിലവിലെ ചാമ്പ്യൻമാർക്ക്‌ കാര്യങ്ങൾ സങ്കീർണമായത്‌ (1–-1). രണ്ടുകളിമാത്രം ബാക്കിനിൽക്കേ ഒന്നാമതുള്ള ലില്ലെയുമായി മൂന്ന്‌ പോയിന്റിന്റെ അന്തരമായി പിഎസ്‌ജിക്ക്‌. ലില്ലെയ്‌ക്ക്‌ 79ഉം പിഎസ്‌ജിക്ക്‌ 76ഉം പോയിന്റാണ്‌. അടുത്ത രണ്ടു കളിയും ജയിച്ചാൽ ലില്ലെ കപ്പുയർത്തും. 74 പോയിന്റുള്ള മൊണാകോയാണ്‌ മൂന്നാമത്‌.

ഫ്രാൻസിൽ തുടർച്ചയായ നാലാംകിരീടമാണ്‌ മൗറീസിയോ പൊച്ചെട്ടീനോയുടെ പിഎസ്‌ജി ലക്ഷ്യമിട്ടത്‌. എന്നാൽ, ഇടവേളകളിൽ തിരിച്ചടി നേരിട്ടു. എട്ടു കളിയാണ്‌ ഇത്തവണ അവർ തോറ്റത്‌. സ്ഥിരതയില്ലായ്‌മയും കളിക്കാരുടെ പരിക്കും ക്ഷീണിപ്പിച്ചു. തുടക്കംതൊട്ടേ ലീഗിൽ പിഎസ്‌ജിക്ക്‌ ആധിപത്യം നേടാനായിരുന്നില്ല.

റെന്നെസിനെതിരെ നെയ്‌മറിലൂടെ പിഎസ്‌ജിയാണ്‌ ആദ്യം മുന്നിലെത്തിയത്‌. പെനൽറ്റിയിലൂടെയാണ്‌ ബ്രസീലുകാരൻ ലക്ഷ്യംകണ്ടത്‌. ലയ്‌വിൻ കുർസാവയെ വീഴ്‌ത്തിയതിനായിരുന്നു പിഎസ്‌ജിക്ക്‌ അനുകൂലമായി പെനൽറ്റി ലഭിച്ചത്‌. എന്നാൽ, ഇടവേള കഴിഞ്ഞ്‌ സെറൊ ഗുയ്‌റാസി റെന്നൈസിന്‌ സമനില ഒരുക്കി. കളിയവസാനം പ്രതിരോധക്കാരൻ പ്രെസ്‌നെൽ കിംബെപ്പെ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയതും പിഎസ്‌ജിയെ തളർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top