11 May Tuesday

318 ബൂത്തില്‍ 0, 493ല്‍ 1 വോട്ട്; തണ്ടൊടിഞ്ഞ് ബിജെപി

സ്വന്തം ലേഖകന്‍Updated: Tuesday May 11, 2021

തിരുവനന്തപുരം > നിയമസഭയില്‍ മാത്രമല്ല സംസ്ഥാനത്തെ 318 ബൂത്തിലും ബിജെപി സഖ്യം സം'പൂജ്യ'ര്‍തന്നെ. ബിജെപിയുടെ  സംസ്ഥാനത്തെ അവസാനവാക്കായ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും രണ്ട് ബൂത്തില്‍ ബിജെപിക്ക് ഒരാളുപോലും വോട്ട് ചെയ്തില്ല. തീര്‍ന്നില്ല, സംസ്ഥാനത്തെ 59 മണ്ഡലത്തിലുമുണ്ട് ബിജെപിക്ക് വോട്ട് നല്‍കാത്ത ബൂത്തുകളെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്.

എഴുപത് മണ്ഡലത്തിലെ 493 ബൂത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടുവീതമാണ് സമ്പാദ്യം. ആയിരത്തിലധികം ബൂത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ വോട്ടുമാത്രം. ഒരു ബൂത്തില്‍നിന്ന് ഒരാളുടെപോലും വോട്ട് കിട്ടാത്തവരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും നടന്‍ ജി കൃഷ്ണകുമാറും ഉള്‍പ്പെടുന്നു.  

മലപ്പുറത്തെ 15 മണ്ഡലത്തിലും എന്‍ഡിഎയ്ക്ക് വോട്ടില്ലാബൂത്തുകളുണ്ട്. പൊന്നാനിയിലാണ് ഏറ്റവും കൂടുതല്‍. 34 ബൂത്തില്‍ ആരും ബിജെപി സഖ്യത്തെ പിന്തുണച്ചില്ല. ഒറ്റ വോട്ട് കിട്ടിയ ബൂത്തുകള്‍ 16. താനൂരില്‍ 21 ബൂത്ത് പൂജ്യം വോട്ടും 22 ബൂത്ത് ഓരോ വോട്ടുമാണ് എന്‍ഡിഎയ്ക്ക് നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഏഴ് ബൂത്തില്‍ ബിജെപി വോട്ട് നാമാവശേഷമായപ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ 10 ബൂത്തിലും ഒറ്റ വോട്ടില്ലാതായി.

മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ പി സി വിഷ്ണുനാഥിന് വോട്ട് മറിച്ച കുണ്ടറയിലെ എട്ട് ബൂത്തില്‍ ബിജെപി പൂജ്യമാണ്. എട്ടിടത്താകട്ടെ ഒരു വോട്ടുമാത്രവും. കൊച്ചി മണ്ഡലത്തില്‍ 11 ബൂത്തില്‍ എന്‍ഡിഎയ്ക്ക് വോട്ടില്ല. കോതമംഗലത്ത് എന്‍ഡിഎയ്ക്ക് വോട്ട് കൊടുക്കാത്ത ആറ് ബൂത്തുണ്ട്. എട്ടിടത്ത് ഓരോ വോട്ടുവീതവും.

ബിഡിജെഎസ് നേതാവ് എം പി സെന്‍ മത്സരിച്ച പൂഞ്ഞാറില്‍ എന്‍ഡിഎയ്ക്ക് വോട്ടില്ലാത്തത് 17 ബൂത്തിലാണ്. 11 ബൂത്തില്‍ ഓരോ വോട്ടുവീതവും. അമ്പലപ്പുഴയില്‍ വോട്ട് കൊടുക്കാത്ത ഒരു ബൂത്തുണ്ട്. കായംകുളത്ത് പൂജ്യംനല്‍കിയ ബൂത്തുകള്‍ നാല്. തിരുവനന്തപുരം വാമനപുരത്തും എന്‍ഡിഎ മൂന്ന് ബൂത്തില്‍ പൂജ്യമാണ്. കോവളത്തും മൂന്ന് ബൂത്തില്‍ വോട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top