11 May Tuesday

കേരളത്തിലെ തെരഞ്ഞെടുപ്പ്‌ 
വിജയത്തിന്റെ പ്രാധാന്യം - എസ് രാമചന്ദ്രൻപിള്ള എഴുതുന്നു

എസ് രാമചന്ദ്രൻപിള്ളUpdated: Tuesday May 11, 2021

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടി. കേരളത്തിലെ സാമ്പത്തിക–-സാമൂഹ്യ–-രാഷ്‌ട്രീയ–-സാംസ്‌കാരിക ജീവിതത്തിൽ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ ഈ വിജയം ശക്തിപ്പെടുത്തും. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇടതു ജനാധിപത്യശക്തികളുടെ വളർച്ചയ്‌ക്ക്‌ പുതിയ ഉത്തേജനം നൽകും. ലോകസംഭവവികാസങ്ങളിലും ചെറുതല്ലാത്ത സ്വാധീനം ചെലുത്താം.

ഇടതുപക്ഷശക്തികൾ ഇന്ത്യയിലാദ്യമായി ഭരണത്തിലെത്തിയത്‌ കേരളത്തിലായിരുന്നു. സഖാവ്‌ ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭ 1957ൽ ഭരണത്തിലെത്തി. ഇന്ത്യയിലന്ന്‌ ഭരണത്തിലുണ്ടായിരുന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നയസമീപനങ്ങൾ ബൂർഷ്വാ–-ഭൂപ്രഭു വർഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവയായിരുന്നു. അത്തരം ഗവൺമെന്റുകളുടെ സാമ്പത്തിക–-സാമൂഹ്യ–-രാഷ്ട്രീയ–-സാംസ്‌കാരിക സമീപനങ്ങളിൽനിന്ന്‌ മൗലികമായി വ്യത്യസ്‌തമായ നയസമീപനങ്ങളാണ്‌ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭ സ്വീകരിച്ചത്‌. അത്‌ സമൂഹത്തിലെ മഹാഭൂരിപക്ഷക്കാരായ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ പ്രാധാന്യം നൽകി. ജാതി–-ജന്മി–-നാടുവാഴിത്ത മേധാവിത്വത്തിന്റെ അടിവേരറുക്കുന്ന ഭൂപരിഷ്‌കാര നടപടികൾക്ക്‌ തുടക്കം കുറിച്ചു. കാർഷിക–-വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന്‌ പുതിയ സമീപനങ്ങൾ സ്വീകരിച്ചു. പൊതുമേഖലയിൽ ആധുനിക വ്യവസായങ്ങൾ ആരംഭിച്ചു.

പരമ്പരാഗത വ്യവസായമേഖലകളെ ശക്തിപ്പെടുത്തി. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിച്ചു. വിദ്യാഭ്യാസ–-ആരോഗ്യരക്ഷാ മേഖലകളെ ജനാധിപത്യവൽക്കരിക്കാൻ നടപടികളെടുത്തു. പൊതുവിതരണ സംവിധാനമൊരുക്കി വിലക്കയറ്റത്തിൽനിന്ന്‌ സാമാന്യജനങ്ങളെ രക്ഷിച്ചു. ബഹുജനസംഘടനകളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിച്ച്‌ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള കരുത്ത്‌ വളർത്തി. അധികാര വികേന്ദ്രീകരണ നടപടികൾ ആരംഭിച്ചു. സഹകരണമേഖലയെ ജനാധിപത്യവൽക്കരിച്ച്‌ ശക്തിപ്പെടുത്തി. സാമൂഹ്യക്ഷേമ പദ്ധതികൾ വികസിപ്പിച്ചു. ശാസ്‌ത്രബോധവും ശാസ്‌ത്രീയ സമീപനങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാർ ബോധപൂർവം നീങ്ങി.


 

ഇ എം എസിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ വലതുപക്ഷ ശക്തികളെ വിറളിപിടിപ്പിച്ചു. കേരളത്തിലെ സ്ഥാപിതതാൽപ്പര്യക്കാർക്ക്‌ ഇന്ത്യയിലെ വലതുപക്ഷ വിഭാഗങ്ങളുടെയും നെഹ്‌റു നയിച്ച കേന്ദ്ര ഗവൺമെന്റിന്റെയും സഹായവും പിന്തുണയും ഉണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിനെ അട്ടിമറിക്കാൻ സാമ്രാജ്യശക്തികളും മുന്നോട്ടുവന്നു. ഗവൺമെന്റിനെ കാലാവധി പൂർത്തിയാക്കാൻ വലതുപക്ഷശക്തികൾ സമ്മതിച്ചില്ല. നെഹ്‌റു നയിച്ച കേന്ദ്ര ഗവൺമെന്റ്‌ ഇ എം എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗവൺമെന്റിനെ 1959 ജൂലൈ 31ന്‌ പിരിച്ചുവിട്ടു. 1967ലും 1980ലും ഭരണത്തിലെത്തിയ ഇടതുപക്ഷ ഗവൺമെന്റുകളെയും കാലാവധി പൂർത്തിയാക്കാൻ അവസരം നൽകാതെ വലതുപക്ഷ ശക്തികൾ അട്ടിമറിച്ചു. 1987ലും 1996ലും 2006ലും ഭരണത്തിലെത്തിയ ഇ കെ നായനാരുടെയും വി എസ്‌ അച്യുതാനന്ദന്റെയും നേതൃത്വത്തിലുണ്ടായിരുന്ന ഇടതു സർക്കാരുകളെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ്‌ അട്ടിമറിക്കാൻ വലതുപക്ഷശക്തികൾക്ക്‌ കഴിയാതെ വന്നു. ബൂർഷ്വാ–-ഭൂപ്രഭു വർഗത്തിന്റെ അന്നത്തെ മുഖ്യരാഷ്‌ട്രീയ കക്ഷിയായ കോൺഗ്രസ്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ ദുർബലമായത്‌ ഒരു പ്രധാനപ്പെട്ട കാരണമാണ്‌. എന്നാൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റുകൾക്ക്‌ ഭരണത്തുടർച്ച ലഭിക്കുന്നതിന്‌ തടയാൻ വലതുപക്ഷ ശക്തികൾക്ക്‌ കഴിഞ്ഞു. കാലാവധി പൂർത്തിയാക്കാൻ അവസരം നൽകാതെ അട്ടിമറി നടത്തിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റുകൾക്ക്‌ ഭരണത്തുടർച്ച ലഭിക്കുന്നത്‌ തടസ്സപ്പെടുത്തിയതും കാരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റുകൾ 1957 മുതൽ സ്വീകരിച്ചുവരുന്ന ബദൽ നയസമീപനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിന്‌ അവസരം ലഭിച്ചില്ല.

പിണറായി വിജയന്റെ നേതൃത്വത്തിൽ 2016ൽ ഭരണത്തിലെത്തിയ ഗവൺമെന്റിനെ അട്ടിമറിക്കാനും 2021ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തിലെത്തുന്നത്‌ തടയാനും ബിജെപിയും അവരുടെ കേന്ദ്രഭരണവും കോൺഗ്രസും മുസ്ലിംലീഗും മറ്റു വലതുപക്ഷ ശക്തികളും ഒരുമിച്ചു നീങ്ങി. ഇത്തരം ശക്തികളുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തി എൽഡിഎഫിന്‌ കേരളത്തിലാദ്യമായി ഭരണത്തുടർച്ച നേടാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി.


 

1957ൽ ഭരണത്തിലെത്തിയ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തുടങ്ങി 2016–-21ലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയടക്കം എല്ലാ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റുകളും പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുജനങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ മുൻഗണന നൽകി സമൂഹത്തിന്റെയാകെ പൊതുവികാരത്തിന്‌ ഉപകരിക്കുന്ന ബദൽ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു. ഈ ബദൽ നയസമീപനങ്ങൾ കേരളത്തിന്റെ സാമ്പത്തിക–-സാമൂഹ്യ–-രാഷ്ട്രീയ–-സാംസ്‌കാരിക ജീവിതത്തിൽ പുരോഗമനപരവും ജനാധിപത്യപരവുമായ വലിയ മാറ്റങ്ങൾ വരുത്തി. ഇടതുപക്ഷ ജനാധിപത്യമുന്നണി കൈവരിച്ച നേട്ടങ്ങൾ വളരെ പ്രധാനവും വിപ്ലവകരവുമാണ്‌. ഈ നേട്ടങ്ങളെ ശക്തിപ്പെടുത്താനും ശാസ്‌ത്രത്തിന്റെ പുരോഗതിയിലും അറിവിന്റെ വികാസത്തിലും അടിയുറച്ചു നിന്നുകൊണ്ടും അവയെ തുടർച്ചയായി വികസിപ്പിച്ചും അത്തരം അറിവുകൾ പാവപ്പെട്ടവരും സാധാരണക്കാരുമടക്കം എല്ലാ ജനവിഭാഗത്തിനും പ്രാപ്യമാക്കിയും സമസ്‌തമേഖലയിലും ഉപയോഗപ്പെടുത്തിയും നിരന്തരം വികസിക്കുന്ന ആധുനിക വിജ്ഞാനസമൂഹമായി കേരളസമൂഹത്തെ വളർത്താൻ പുതിയ അവസരങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്‌. കേരളം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഇത്തരം പരിശ്രമങ്ങൾ സഹായിക്കും. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ യോജിപ്പും കരുത്തും സമൂഹത്തിലെ അവരുടെ നേതൃത്വവും വളർത്താൻ തെരഞ്ഞെടുപ്പ്‌ വിജയം പുതിയ അവസരങ്ങൾ നൽകുന്നു. ഈ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതിനെ ആശ്രയിച്ചാണ്‌ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഭാവി നിലകൊള്ളുന്നത്‌.

കേരളസമൂഹത്തെ വലതുപക്ഷവൽക്കരിച്ച്‌ പുരോഗമനപരവും ജനാധിപത്യപരവുമായ വികാസത്തെ തടയാൻ സ്ഥാപിതതാൽപ്പര്യക്കാർ 1957 മുതൽ ശ്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്‌. ശാസ്‌ത്രത്തിനും യുക്തിക്കും ആധുനിക സമൂഹത്തിനും നിരക്കാത്ത ആശയങ്ങളെ സമൂഹത്തിന്റെ പൊതുബോധമാക്കി വളർത്തി തങ്ങൾക്ക്‌ വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമാണ്‌ സ്ഥാപിതതാൽപ്പര്യങ്ങളുടെ ശ്രമം. അവർ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ആർഎസ്‌എസും ബിജെപിയും മറ്റു മതമൗലികവാദശക്തികളും ഈ ലക്ഷ്യം മുന്നിൽവച്ചുകൊണ്ട്‌ നിരവധി ദശകങ്ങളായി കേരളത്തിൽ പ്രവർത്തിച്ചുവരികയാണ്‌. കോൺഗ്രസ്‌ അടക്കമുള്ള ബൂർഷ്വാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വലതുപക്ഷവൽക്കരണ ശ്രമങ്ങൾക്ക്‌ പിന്തുണ നൽകുന്നു. ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങളും ഇവരോടൊപ്പം അണിനിരന്നിരിക്കുന്നു. വ്യത്യസ്‌ത മതവിശ്വാസികൾ തമ്മിൽ നടക്കുന്ന വിവാഹവും ആചാരങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായി ഉയർത്താൻ ബിജെപിയും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയകക്ഷികൾക്കും ചില മതസാമുദായിക നേതാക്കന്മാർക്കും ധൈര്യം ഉണ്ടായത്‌ ഈ സാഹചര്യത്തിലാണ്‌. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ പ്രതിലോമശക്തികളുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തി, കേരള സമൂഹത്തെ പിന്നോക്കം കൊണ്ടുപോകാനുള്ള നീക്കങ്ങളെ ചെറുത്തു.


 

കേരളസമൂഹത്തിൽ നടക്കുന്ന വലതുപക്ഷവൽക്കരണ ശ്രമങ്ങൾ തടയേണ്ടത്‌ കേരള സമൂഹത്തിന്റെ പുരോഗമനപരവും ജനാധിപത്യപരവുമായ വികാസത്തിന്‌ സർവ പ്രധാനമാണ്‌. പുരോഗമന–-ജനാധിപത്യശക്തികൾ വലതുപക്ഷവൽക്കരണത്തിനെതിരായ പോരാട്ടത്തെ തങ്ങളുടെ അടിയന്തര കടമകളിലൊന്നായി കാണേണ്ടതുണ്ട്‌. ഇടതുപക്ഷ ജനാധിപത്യശക്തികൾ 1957ൽ കേരളത്തിൽ നേടിയ വിജയം അഖിലേന്ത്യാടിസ്ഥാനത്തിൽ ഇടതു പുരോഗമനശക്തികളുടെ വളർച്ചയ്‌ക്ക്‌ ഉത്തേജനം നൽകി. ഇടതുജനാധിപത്യശക്തികൾ വിവിധ സംസ്ഥാനങ്ങളിൽ കരുത്താർജിച്ചു. അട്ടിമറികളെയും തിരിച്ചടികളെയും നേരിട്ടുകൊണ്ടാണ്‌ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം നേട്ടങ്ങൾ കൈവരിച്ചത്‌. കേരളത്തിലെ അനുഭവങ്ങളിൽനിന്ന്‌ പുരോഗമനജനാധിപത്യ പ്രസ്ഥാനങ്ങൾക്ക്‌ ഒട്ടേറെ പാഠങ്ങൾ പഠിക്കാനുണ്ട്‌.

ഇന്ന്‌ പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ ശക്തികൾ താൽക്കാലികമായ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. തിരിച്ചടി എന്തുകൊണ്ട്‌ സംഭവിച്ചു, തിരിച്ചുവരവിന്‌ എന്തുവേണം എന്നു തുടങ്ങിയ വിഷയങ്ങൾ പശ്ചിമബംഗാളിലും ത്രിപുരയിലും അഖിലേന്ത്യാടിസ്ഥാനത്തിലും ഇടതുപക്ഷശക്തികൾ ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്‌. പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കേരളത്തിലെ അനുഭവങ്ങൾ പകർന്നുതരുന്ന പാഠങ്ങൾ പ്രധാനമാണ്‌. അട്ടിമറികളിൽനിന്നും പിന്നോട്ടടികളിൽനിന്നും തിരിച്ചുവരാനും കരുത്താർജിക്കാനും കേരളത്തിലെ പുരോഗമന ജനാധിപത്യപ്രസ്ഥാനത്തിന്‌ കഴിഞ്ഞുവെന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ബൂർഷ്വാ പാർലമെന്ററി സമ്പ്രദായത്തിലെ പരിമിതികളെയും സാധ്യതകളെയും പറ്റിയുള്ള കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ വളരെ വിപുലമാണ്‌. ഈ അനുഭവങ്ങൾ ആഴത്തിൽ വിലയിരുത്തി ശരി നിഗമനങ്ങളിലെത്തിച്ചേരേണ്ടത്‌ കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്‌ ആവശ്യമാണ്‌. ആഗോളാടിസ്ഥാനത്തിലും ഈ പാഠങ്ങൾക്ക്‌ വലിയ പ്രാധാന്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top