11 May Tuesday

ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിപ്ലവനായിക: - അബുദാബി ശക്തി തിയറ്റേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021


അബുദാബി> കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രമായി മാറുകയും ചെയ്ത വിപ്ലവനായികയാണ് കെ ആർ ഗൗരിയമ്മയെന്ന് അബുദാബി ശക്തി തിയറ്റേഴ്‌സ്.

ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും മന്ത്രിയായിരിക്കെ നേതൃത്വം നല്‍കിയ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച ഇതിഹാസ സമാനമായ ഭൂപരിഷ്കരണബില്ല് കേരളത്തിന്റെ അതുവരെയുണ്ടായിരുന്ന ചരിത്രം മാറ്റിയെഴുതിയ നാഴികക്കല്ലായിരുന്നു.

ആധുനിക കേരളം രൂപപ്പെടുത്തുന്നതില്‍ ഗൗരിയമ്മ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ രാഷ്ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും തുടക്കമിട്ട നേതാക്കളില്‍ ഒരാളായ ഗൗരിയമ്മ വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു.

സ്ത്രീകൾ സമൂഹത്തിന്റെ പിന്നരങ്ങിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് പോരാട്ടങ്ങളുടെ സമാനതകളില്ലാത്ത കരുത്തുമായി കരയാതെ തളരാതെ പൊതു സമൂഹത്തെ മുന്നിൽ നിന്നും നയിച്ച ധീര നായികയെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് ശക്തി തിയറ്റേഴ്‌സ് ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top