11 May Tuesday

കുത്തിവയ്‌പ് 6.89 ലക്ഷംമാത്രം ; വാക്സിന്‍ കാത്ത് 
20 കോടി പേര്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പുകളുടെ എണ്ണം 6.89 ലക്ഷമായി ഇടിഞ്ഞു. കോവിൻ പോർട്ടലിൽ 29.86 ലക്ഷം പേർ പുതിയതായി രജിസ്‌റ്റർ ചെയ്‌തപ്പോഴാണ്‌ കുത്തിവയ്‌പുകൾ കുറഞ്ഞത്‌. രോഗവ്യാപനം രൂക്ഷമായതോടെ കുത്തിവയ്‌പ് ഇടിയുന്നത്‌ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌. 

114 ദിവസംകൊണ്ട് ആകെ കുത്തിവയ്‌പ് 17 കോടി കടന്നു.  ഇതിൽ രണ്ട്‌ ഡോസ്‌ എടുത്തവർ 3.58 കോടി മാത്രം. രജിസ്‌റ്റർ ചെയ്‌ത്‌  കാത്തിരിക്കുന്നവരുടെ എണ്ണം 20 കോടിയോട്‌ അടുത്തു. ഇതിൽ 13.23 കോടി 45 വയസ്സിന്‌ മുകളിലും 6.45 കോടി 18ന്‌ മുകളിലുമാണ്‌. 18നും 45നും ഇടയിൽ ആദ്യ ഡോസ്‌ എടുത്തവരുടെ എണ്ണം 20.31 ലക്ഷമായി.

സംസ്ഥാനങ്ങൾ ഓർഡർ ചെയ്‌ത വാക്‌സിനുകൾ നിർമാതാക്കൾ എത്തിച്ചുതുടങ്ങിയതോടെ കേന്ദ്രം കൈമാറുന്ന ഡോസുകൾ കുറഞ്ഞുതുടങ്ങി. സംസ്ഥാനങ്ങളുടെ പക്കൽ 1.04 കോടി ശേഷിക്കുന്നുണ്ട്‌. എന്നാൽ, അടുത്ത മൂന്ന്‌ ദിവസത്തിനുള്ളിൽ 9.24 ലക്ഷം ഡോസ്‌ മാത്രമേ സംസ്ഥാനങ്ങൾക്ക്‌ കൈമാറൂ.

കേന്ദ്രം നൽകിയ ഡോസുകൾ കേരളം പൂർണമായും ഉപയോഗിച്ചതായാണ്‌ ആരോഗ്യമന്ത്രാലയം രേഖകൾ പറയുന്നത്‌. അടുത്ത മൂന്നുദിവസങ്ങളിലായി 1.84 ലക്ഷം ഡോസ്‌ കേരളത്തിന്‌ കൈമാറുമെന്ന്‌ കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. ആന്ധ്രപ്രദേശിൽ സ്‌റ്റോക്കില്ല. മൂന്നു ദിവസങ്ങളിൽ സ്‌റ്റോക്ക്‌ എത്തുകയുമില്ല. ജമ്മു–-കശ്‌മീരിനും രാജസ്ഥാനും കുറഞ്ഞ സ്‌റ്റോക്ക്‌ മാത്രമാണുള്ളത്‌. കൂടുതൽ ഡോസ്‌ എത്രയും വേഗം കൈമാറണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top