11 May Tuesday

മഴ, വെള്ളപ്പൊക്കം: പഞ്ചായത്തുകള്‍ ഒരുങ്ങിയിരിക്കണം; കളക്ടറുടെ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

കൊച്ചി> കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വെള്ളപ്പൊക്കമുണ്ടായാല്‍ ക്യാമ്പുകള്‍ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സി എഫ്എല്‍ടിസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.

ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 1000, 500 വീതം ഓക്‌സിജന്‍ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

വാര്‍ഡ് തല ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം വിലയിരുത്തി. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പ്രവര്‍ത്തനം ശക്തമാക്കും. ആരോഗ്യം, പൊലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഇന്‍സിഡെന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവരവരുടെ പരിധിയില്‍ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകള്‍ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കും.

കോവിഡ് ബാധിതരാകുന്ന ജയിലുകളിലെ പ്രതികള്‍ക്ക് ജയിലുകളില്‍ തന്നെ ചികിത്സ ഉറപ്പാക്കും. സ്ഥിരം ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. ടെലി മെഡിസിന്‍, ഓണ്‍ കോള്‍ മെഡിസിന്‍ എന്നിവയും ലഭ്യമാക്കും. കോവിഡ് പോസിറ്റീവാകുന്ന റിമാന്‍ഡ് പ്രതികളെ കളമശേരി നുവാല്‍സില്‍ സജ്ജമാക്കുന്ന എഫ് എല്‍ടിസിയിലേക്ക് മാറ്റും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top