10 May Monday

ചൊവ്വാദൗത്യത്തിനുപിന്നിലെ സോഫ്റ്റ്വെയറിലും മലയാളി കൈയൊപ്പ്

ശ്രീരാജ് ഓണക്കൂര്‍Updated: Monday May 10, 2021

കൊച്ചി
ചരിത്രം രചിച്ച് ചൊവ്വാഗ്രഹത്തില്‍ പറന്നിറങ്ങിയ നാസയുടെ ഇന്‍ജെന്യുയിറ്റി ഹെലികോപ്റ്ററിനുപിന്നിലും മലയാളിയുടെ കൈയൊപ്പ്. കാക്കനാട് രാജഗിരി എന്‍ജിനിയറിങ് കോളേജിലെ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ജെഫ്രിന്‍ ജോസ് തയ്യാറാക്കിയ പ്രോഗ്രാം ഇന്‍ജെന്യുയിറ്റിയുടെ സോഫ്റ്റ്വെയറില്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് ഇന്ത്യക്കും അഭിമാനമാകുന്നു.
അദൃശ്യരായ കുറെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരുടെ സംഭാവനകള്‍ നാസയുടെയും ജെറ്റ് പ്രോപ്പല്‍ഷന്‍ ലാബിന്റെയും ഇന്‍ജെന്യുയിറ്റിയുടെ സോഫ്റ്റ്വെയറില്‍ ഉപയോഗിച്ചിട്ടുണ്ട്.

അതിലൊരാളാണ് വാഴക്കാല തലക്കോട്ടൂര്‍ ജെഫ്രിന്‍ ജോസ്. അവരെ ഗിറ്റ്ഹബ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ 'മാര്‍സ് 2020 ഹെലികോപ്റ്റര്‍ മിഷന്‍ ബാഡ്ജ്' നല്‍കി ആദരിച്ചു.   സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ലഭിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള വെബ് കൂട്ടായ്മയായ ഗിറ്റ്ഹബ്ബിലെ സീനിയര്‍ പ്രോഗ്രാമര്‍മാരില്‍ ഒരാളാണ് ജെഫ്രിന്‍. 2007 മുതല്‍ നിലവിലുള്ള ഗിറ്റ്ഹബ്ബിന്റെ ആസ്ഥാനം സാന്‍ഫ്രാന്‍സിസ്‌കോയാണ്. 2008 മുതല്‍ ഇതില്‍ അംഗമാണ് ജെഫ്രിന്‍. മൈക്രോസോഫ്റ്റ് ഗിറ്റ്ഹബ്ബിനെ 2018ല്‍ ഏറ്റെടുത്തു. സോഫ്റ്റ്വെയറിന്റെ പ്രശന്ങ്ങള്‍ കണ്ടുപിടിക്കുക, അത് പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക, അതിനെ കൂടുതല്‍ മികവുറ്റതാക്കുക എന്നിവയാണ് ഗിറ്റ്ഹബ്ബിന്റെ പ്രവര്‍ത്തനം.   

പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലിനക്സിന്റെ ഡെവലപ്പര്‍മാരില്‍ ഒരാള്‍കൂടിയാണ് ജെഫ്രിന്‍ ജോസ്. സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ലഭിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ലിനക്സിന്റെ സംവിധാനങ്ങളിലൊന്നില്‍ അദ്ദേഹം ഇന്‍ജെന്യുയിറ്റിക്കായുള്ള സോഫ്റ്റ്വെയര്‍ ആദ്യം നല്‍കി. തുടര്‍ന്ന് ഇത് ലിനക്സ് ഗിറ്റ്ഹബ്ബില്‍ ഇടുകയായിരുന്നു.
കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ എന്‍ജിനിയറിങ്ങില്‍ കോളേജില്‍നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ ജെഫ്രിന്‍, 2004ല്‍ രാജഗിരിയില്‍ കംപ്യൂട്ടര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2010 മുതല്‍ കോളേജിലെ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. കുവൈറ്റ് ഓയില്‍ കമ്പനി റിട്ട. എന്‍ജിനിയര്‍ ജോസ് തലക്കോട്ടൂരിന്റെയും ടെസ്സി ജോസഫിന്റെയും മകനാണ്.

ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ പെഴ്സിവീയറന്‍സിന്റെ ഭാഗമായുള്ള 'ഇന്‍ജെന്യൂയിറ്റി' ഹെലികോപ്റ്റര്‍ ചരിത്രനേട്ടം കൈവരിച്ചിരുന്നു. ഭൂമിക്കുമകലെ ഒരു ഗ്രഹത്തില്‍ നിയന്ത്രണവിധേയമായി പറന്ന ആദ്യയാനമെന്ന നിലയിലാണ് ഇന്‍ജെന്യൂയിറ്റി ചരിത്രം രചിച്ചത്. 1903ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതിനുതുല്യമായ നേട്ടമെന്നാണ് നാസ ഈ പറക്കലിനെ വിശേഷിപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top