തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ചാകേസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ബിജെപി നേതാവായ അഭിഭാഷകൻ മുൻകൂർ ജാമ്യം തേടിയതായി സൂചന. ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ചോദ്യം ചെയ്യാൻ വിളിക്കുമെന്ന വിവരത്തെത്തുടർന്നാണ് മുൻകൂർ ജാമ്യം തേടുന്നത്. തൃശൂരിലെ ജില്ലാ നേതൃത്വത്തോട് അടുപ്പമുള്ളയാളാണ് അഭിഭാഷകൻ. ഇയാളുടെ അറിവോടെയാണ് കവർച്ചയെന്നാണ് സൂചന.
പണം നഷ്ടപ്പെട്ട ആർഎസ്എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശി യുമായ ധർമരാജിനെയും പണം കൊടുത്തയച്ച യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കും. നഷ്‌ടപ്പെട്ടതായി പറയുന്ന 25 ലക്ഷത്തിന്റെ രേഖകൾ ഇവർക്ക് ഹാജരാക്കാനായിട്ടില്ല. കാറിൽ പ്രത്യേക അറയിൽ മൂന്നരക്കോടി സൂക്ഷിച്ചിരുന്നുവന്നും കർണാടകത്തിൽ നിന്നാണ് പണമെത്തിയതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
കൊടകരയിൽ നഷ്ടപ്പെട്ടത് കൂടാതെ വിവിധ ജില്ലകളിലേക്ക് സമാനമായി എത്തിയ പണത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. പാലക്കാട്ട് പണം തട്ടിയെടുക്കൽ ശ്രമം പാളിയതായി വിവരം ലഭിച്ചു. നേരത്തേ കസ്റ്റഡിയിലെടുത്തവരെ കൂടാതെ മുഖ്യ ആസൂത്രകനടക്കമുള്ള പ്രധാന പ്രതികളെയും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷക സംഘം നടപടിയാരംഭിച്ചു.
ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ദേശീയ പാർടിയുടെ പ്രചാരണത്തിനെത്തിച്ച മൂന്നരക്കോടിയോളം രൂപ കൊടകര മേൽപ്പാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തത്. കാറും കാറിലുണ്ടായിരുന്ന 25 ലക്ഷവും കവർന്നുവെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ അബ്കാരിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജ് ഡ്രൈവർ ഷംജീർ മുഖേന പരാതി നൽകിയത്. പരാതിപ്രകാരമുള്ള 25 ലക്ഷത്തിന് പകരം 47.5 ലക്ഷം കണ്ടെത്തിയതോടെ അന്വേഷണം വിപുലമാക്കി. കേസിൽ 19 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. കവർച്ചയ്‌ക്കുപയോഗിച്ച മൂന്ന് കാറുകളും പൊലീസ് കണ്ടെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..