കൊച്ചി > ലിസി ആശുപത്രിയിൽ ബിഫാം പഠിക്കാനാണ് ഡെന്നിസ് ജോസഫ് എറണാകുളം നഗരത്തിൽ എത്തിയത്. എന്നാൽ, പോകെപ്പോകെ എഴുതിയെഴുതി എത്തിച്ചേർന്നത് സിനിമയുടെ വിശാല ലോകത്തേക്ക്. എഴുപതുകളുടെ തുടക്കത്തിൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കട്ട് കട്ട്’ എന്ന സിനിമാ മാസികയിൽ ലേഖനങ്ങൾ എഴുതിയായിരുന്നു തുടക്കം. പതിയെ അതിന്റെ എഡിറ്ററായി. ഒടുവിൽ ആ തൂലികയിൽനിന്ന് സിനിമതന്നെ പിറന്നു. ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സിനിമാ പരസ്യകലാരംഗത്തെ ഗായത്രി അശോകുമായിരുന്നു സുഹൃത്തുക്കൾ. എറണാകുളം നഗരത്തിൽ സിനിമ കണ്ടും ചർച്ച ചെയ്‌തും മൂന്നുപേരും എത്തിച്ചേർന്നത് ആ മേഖലയിൽത്തന്നെ.
‘കട്ട് കട്ടി’ന്റെ ഉടമസ്ഥൻ ഈരാളിയായിരുന്നു ഇവരുടെ ആദ്യചിത്രങ്ങളുടെ നിർമാതാവ്. പതിയെ ‘കട്ട് കട്ട്’ മാഗസിൻ നിന്നു. ജേസിയുടെ ‘ഈറൻസന്ധ്യ’യായിരുന്നു ഡെന്നിസിന്റെ ആദ്യചിത്രം. പിന്നീട് പല സിനിമകളിലും പാട്ട് ഷിബു ചക്രവർത്തിയും പരസ്യകല ഗായത്രി അശോകുമായിരുന്നു.

‘വെൺമേഘ ഹംസങ്ങൾ’ എന്ന ചിത്രത്തിന്റെ സെറ്റിൽ ഡെന്നിസ് ജോസഫും ഷിബു ചക്രവർത്തിയും നായിക സുമലതയോടൊപ്പം
മൂന്നുപേരും ആദ്യം താമസിച്ചത് എസ്‌ആർഎം റോഡിലെ ഗായത്രി പ്രിന്റേഴ്‌സിൽ. അവിടെ മേശപ്പുറത്ത് കൈകൊണ്ട് താളമിട്ട് പാടിയ പാട്ടുകൾ പലതും പിന്നീട് മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളായി മാറിയെന്ന് ഷിബു ചക്രവർത്തി ഓർമിക്കുന്നു. പിന്നീട് പനമ്പിള്ളി നഗറിലെ വാടകവീട്ടിലേക്ക് മാറി. ഡെന്നിസിന്റെ പല ഹിറ്റ് സിനിമകളുടെയും ചർച്ചാവേദിയായത് എറണാകുളം നഗരമായിരുന്നുവെന്നും ഷിബു ചക്രവർത്തി ഓർമിക്കുന്നു. ഷിബു ചക്രവർത്തി എഴുതിയ തിരക്കഥയിൽ ‘വെൺമേഘ ഹംസങ്ങൾ’ എന്ന സിനിമ സംവിധാനം ചെയ്തത് ഡെന്നിസായിരുന്നു.
‘മമ്മൂട്ടി നായകനും സുമലത നായികയുമായി വേഷമിട്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ പൂർത്തിയായില്ല. ഡെന്നിസിനെ നേരിൽ കണ്ടിട്ട് വർഷങ്ങളായി. പക്ഷേ, ഫോണിൽ മിക്കവാറും ദിവസങ്ങളിൽ ദീർഘനേരം സംസാരിക്കുമായിരുന്നു. മൂന്നുദിവസംമുമ്പും വിളിച്ചു. ഒമർ ലുലുവിന്റെ ഒരു പടം വന്നിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും പറഞ്ഞു. സിനിമ എപ്പോഴും സ്വപ്നം കണ്ടിരുന്ന സുഹൃത്തിനെയാണ് നഷ്ടമായത്’- ഷിബു ചക്രവർത്തി പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..