10 May Monday

VIDEO - ഈ ലോക്ക്ഡൗണിന് ജീവന്റെ വില; രണ്ടാംതരംഗം കൂടുതല്‍ ശക്തം; ഡബിള്‍ മാസ്‌ക് ശീലമാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

തിരുവനന്തപുരം > കോവിഡിന്റെ ആദ്യ തരംഗത്തില്‍ പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ11 ശതമാനത്തോളം ആളുകളില്‍ ഒതുക്കാനും, മരണനിരക്ക്വളരെ കുറഞ്ഞ തോതില്‍ നിലനിര്‍ത്താനും സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം തരംഗത്തില്‍ രോഗം പടരാതെനോക്കുക എന്നതും, രോഗബാധിതരാകുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു മുന്‍പിലുണ്ടായിരുന്ന വഴികള്‍. എന്നാല്‍ രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമായതിനാല്‍, കൂടുതല്‍ ശക്തമായി മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയാണ്. ഡബിള്‍ മാസ്‌കിങ്ങ്, അല്ലെങ്കില്‍ എന്‍ 95 മാസ്‌കുകള്‍എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകള്‍ ശുചിയാക്കുക എന്നീ കാര്യങ്ങള്‍ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടം, അടുത്തിടപെടലുകള്‍ എന്നിവ ഒഴിവാക്കാനും  പ്രത്യേക ജാഗ്രത തന്നെ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യസംവിധാനങ്ങളുടെ കപ്പാസിറ്റി  ഉയര്‍ത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുകയും ചെയ്യുന്നു. എങ്കിലും രോഗവ്യാപനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ  പുലര്‍ത്തിയില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വന്നേക്കാം. അതുകൊണ്ടു കൂടിയാണ്  ലോക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഒന്നാമത്തെ ലോക്ഡൗണും ഇപ്പോള്‍ നടപ്പിലാക്കുന്ന ലോക്ഡൗണും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തില്‍ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്. ഇപ്പോള്‍  നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണ്. രോഗബാധഇവിടെത്തന്നെയുള്ള സമ്പര്‍ക്കം മൂലമാണിപ്പോള്‍ കൂടുതലായി ഉണ്ടാകുന്നത്.  പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെഈ ലോക്ഡൗണിനുള്ളത്  ജീവന്റെ വിലയാണ് എന്നത് മറക്കാതിരിക്കുക. സ്വന്തം സുരക്ഷയ്ക്കുംപ്രിയപ്പെട്ടവരുടെ നന്മയ്ക്കുംഈ ലോക്ഡൗണ്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് നമ്മളോരോരുത്തരും തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായി പുറത്തിറങ്ങരുത്

ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്നത് തന്നെയാണ് പ്രധാനകാര്യം. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേഗത്തില്‍ അനുമതി നല്‍കുന്നതിന് സംവിധാനമൊരുക്കും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുന്നുണ്ട്.  കോവിഡ് വ്യാപനത്തിന്റെ  ഗൗരവം മനസിലാക്കിയ പൊതുജനങ്ങള്‍ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസ് വിഭാഗങ്ങള്‍  തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു.

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.-മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top