09 May Sunday
കടത്തിയത് 
മൂന്നരക്കോടി തന്നെ

ബിജെപി കുഴൽപ്പണക്കവർച്ച 
അന്വേഷണച്ചുമതല ഡിഐജിക്ക്‌; അന്വേഷണം 
നേതാക്കളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


തൃശൂർ
കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ അന്വേഷണം പുതിയ സംഘത്തിന്. റേഞ്ച് ഡിഐജി അക്ബറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി സോജനും മൂന്ന് ഡിവൈഎസ്‌പിമാരുമടക്കമുള്ള പുതിയ അന്വേഷകസംഘത്തെ നിയോഗിച്ചു.  തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിയുടെ നിയന്ത്രണത്തിൽ ചാലക്കുടി ഡിവൈഎസ്‌പി ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. 

പണക്കടത്തിൽ അന്തർസംസ്ഥാന ബന്ധം വരുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷകസംഘം രൂപീകരിച്ചത്. മൂന്നരക്കോടി രൂപയുടെ  കവർച്ച നടന്നതായാണ്‌ വിവരം. കർണ്ണാടകത്തിൽനിന്നാണ് പണമെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  പണം നഷ്ടപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ധർമരാജും പണം കൊടുത്തുവിട്ട യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കുമടക്കം പണമിടപാടിൽ ബിജെപി-–-ആർഎസ്എസ് ബന്ധം പൊലീസ് സ്ഥിരീകരിച്ചു.

അന്വേഷണം 
നേതാക്കളിലേക്ക്‌
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിലൊരാളുടെ മൊഴിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന്‌  കവർച്ചക്കേസ് ബിജെപി നേതാക്കളിലേക്ക് നീങ്ങുകയാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ള ബിജെപി  നേതാവായ തൃശൂർ ജില്ലാ കമ്മിറ്റിയോടൊപ്പം നിൽക്കുന്ന അഭിഭാഷകൻ പൊലീസ് നിരീക്ഷണത്തിലാണ്.  

കടത്തിയത് 
മൂന്നരക്കോടി തന്നെ
തെരഞ്ഞെടുപ്പാവശ്യത്തിനായി ബിജെപി കാറിൽ കടത്തികൊണ്ടുപോയത്  മൂന്നരക്കോടിയെന്ന് കേസിൽ കണ്ണിയായ പ്രധാനി പൊലീസിന് മൊഴി നൽകിയതായി സൂചന. പണം സൂക്ഷിച്ചത് കാറിൽ പ്രത്യേക അറയിലെന്നും മൊഴിയിലുണ്ട്‌.
25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു പരാതിക്കാരനായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്‌ ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പൊലീസിന്റെ പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. 47.5 ലക്ഷം രൂപ  പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് മൂന്നു കോടി രൂപ കാറിലുണ്ടായിരുന്നെന്ന്  കേസിലെ പ്രധാനി മൊഴി നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top