പാലക്കാട്
പ്രാഥമിക പരിശോധനയിൽ പോസിറ്റീവായ എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യവകുപ്പ്. കോവിഡ് മരണം സംബന്ധിച്ച അന്തർദേശീയ മാനദണ്ഡമാണ് സംസ്ഥാനം പാലിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതും. ‘ഇന്റർനാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ് ’ അടിസ്ഥാനമാക്കിയാണ് ഈ മാനദണ്ഡം. കോവിഡ് മൂർച്ഛിച്ച് ശരീര അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയുള്ള മരണം മാത്രമേ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തു. ഇക്കാര്യത്തിൽ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.
കോവിഡ് മരണം
നിർണയിക്കുന്ന രീതി
ഗുരുതര അസുഖമുള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുന്നുവെങ്കിൽ കോവിഡ് പോസിറ്റീവെങ്കിലും അത് കോവിഡ് മരണത്തിൽ പെടില്ല. പോസിറ്റീവായ രോഗി മരിച്ചാല്‍ ഉടന്‍ കോവിഡ് മരണമാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുക.
ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാൽ ഉടൻ സ്രവ സാമ്പിൾ അതേ ആശുപത്രിയിലെ കോവിഡ് ലാബിലോ അംഗീകൃത ലാബിലോ തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാലും മരണത്തിൽ ഡോക്ടർക്ക് സംശയം തോന്നിയാലും സാമ്പിൾ ലാബിലേക്കയയ്ക്കും. കാലതാമസം ഉണ്ടാകാതിരിക്കാൻ ജീൻ എക്പേർട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കുന്നത്. ട്രൂനാറ്റ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് കരുതി എല്ലായ്‌പ്പോഴും പോസീറ്റീവാകണമെന്നുമില്ല. മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും ചിലപ്പോൾ പോസിറ്റീവ് ആകും.
ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകൊടുക്കുമ്പോൾ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. തുടര്‍ന്ന് മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിൾ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. അവിടെ നിന്ന് ലഭിക്കുന്ന ഫലവും ആശുപത്രി നൽകുന്ന മെഡിക്കൽ റിപ്പോർട്ടും വിലയിരുത്തിയാണ് കോവിഡ് മരണം സ്ഥിരീകരിക്കുക. ഇതിന് രണ്ടോ മൂന്നോ ദിവസം കാലതാമസം നേരിട്ടേക്കാം.
സ്ഥിരീകരിക്കുന്ന മരണം അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന വാര്‍ത്താകുറിപ്പിലോ പേരും വയസും സ്ഥലവും സഹിതം ഉൾപ്പെടുത്താറുണ്ട്. അതിനാൽ കോവിഡ് മരണം മറച്ചുവയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..