തിരുവനന്തപുരം: ജനങ്ങൾക്ക് മാതൃദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ സ്വാഗതം ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജ്ജമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീർക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളിൽ നിന്നാണ് മേൽപറഞ്ഞ മാതൃ സങ്കൽപം ഉരുത്തിരിയുന്നത്.
ഈ യാഥാസ്ഥിതിക സങ്കൽപത്തിന്റെ മഹത്വവൽക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്.
നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകൾ സ്വജീവിതങ്ങളിൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവർത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം.
Read Also: കോവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്ത് യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജ്ജമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വം മാതൃദിന ആശംസകൾ നേരുന്നു.
മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജന്മിത്വ സംസ്കാരത്തിൻ്റെ…
Posted by Pinarayi Vijayan on Sunday, May 9, 2021
Post Your Comments