തിരുവനന്തപുരം
ഫെയ്‌സ്‌ബുക്കിൽ മോഡിയെയും അമിത് ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കവി സച്ചിദാനന്ദനെ ഫെയ്‌സ്ബുക് വിലക്കിയത് അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികൾക്ക് പ്രിയങ്കരനായ സച്ചിദാനന്ദന് നേരെപോലും ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അത്രമേൽ ഭീഷണി നേരിടുന്നുവെന്നതിന് തെളിവാണ്. പൗരന് ഭരണഘടന നൽകുന്ന ഉറപ്പും അവകാശവുമാണ് ഹനിക്കപ്പെടുന്നത്.മോഡിയും അമിത് ഷായും വിമർശത്തിന് അതീതരെന്നാണ് ഈ വിലക്ക് പ്രഖ്യാപിക്കുന്നത്. സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ അഭിവാദ്യം ചെയ്യുന്നു. അസഹിഷ്ണുത നിറഞ്ഞ ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ അഭ്യർഥിച്ചു.
വിലക്കിൽ പ്രതിഷേധിക്കുക
കവി സച്ചിദാനന്ദനെ ഫെയ്‌സ്ബുക് വിലക്കിയതിൽ പ്രതിഷേധിക്കാൻ പുരോഗമന കാലാസാഹിത്യ സംഘം ആഹ്വാനം ചെയ്‌തു. ജനാധിപത്യവും സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ കവി ഉയർത്തുന്ന സർഗാത്മകമായ നിരന്തര ജാഗ്രതയെയാണ് ഫെയ്‌സ്ബുക് വിലക്കിയത്. മനുഷ്യതുല്യതയ്ക്കുവേണ്ടി കവിതയിലും ജീവിതത്തിലും കവി നടത്തുന്ന പോരാട്ടങ്ങളെ ഫാസിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും കവിതയിലെ വെളിച്ചത്തെ വിലക്കുകൾകൊണ്ടും ഭീഷണികൊണ്ടും മറയ്ക്കാനാകില്ലെന്നും പ്രസിഡന്റ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..