കോഴിക്കോട്
സമാനതകളില്ലാത്ത പ്രതിസന്ധികളിൽ ഒപ്പംനിന്ന സർക്കാരിനുള്ള ജനകീയാംഗീകാരമാണ് എൽഡിഎഫിന്റെ അത്യുജ്വല തെരഞ്ഞെടുപ്പ് വിജയമെന്ന് കത്തോലിക്കാസഭ. പ്രതിസന്ധിവേളകളിൽ അടയാളപ്പെടുത്തിയ ഭരണമായിരുന്നു ഇടതുപക്ഷത്തിന്റേത്. മുഖ്യമന്ത്രി പിണറായി വിജയനിലെ ക്യാപ്‌റ്റൻസി സത്യമാണെന്ന് സെഞ്ച്വറിക്കരികിലെത്തിയ വിജയം തെളിയിച്ചു. നേതൃശൂന്യതയാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം. എൽഡിഎഫിനാകട്ടെ നേതൃശേഷി തുടർഭരണമൊരുക്കി. നേതൃമാറ്റത്തിലൂടെയേ യുഡിഎഫിന് നേതൃശേഷി വീണ്ടെടുക്കാനാകൂ.–- കത്തോലിക്കാസഭ മുഖപത്രം സത്യദീപം വിലയിരുത്തി.
ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിഡ് പോലുള്ള ഗുരുതര ആരോഗ്യ അടിയന്തരാവസ്ഥയെ മറികടക്കാൻ പിണറായി വിജയന്റേതുപോലുള്ള ഉറച്ച നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവിൽ കേരളം വീണ്ടും ഇടത്തോട്ട് തിരിഞ്ഞതായി സഭ നിരീക്ഷിക്കുന്നു.
മറ്റൊരു സർക്കാരും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൂടെയാണ് പിണറായി സർക്കാർ അഞ്ചുവർഷം സഞ്ചരിച്ചതെന്ന് ‘തെരഞ്ഞെടുക്കേണ്ട തിരുത്തലുകൾ’ എന്ന മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ഓഖിയും രണ്ട് പ്രളയവും നിപായും ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗവും തുടങ്ങി. പ്രതിസന്ധികളിലൂടെയുള്ള ഈ യാത്രയിൽ സർക്കാരിന്റെ ജനകീയമുഖം പിണറായി വിജയന്റേതായിരുന്നു. അനുദിന പത്രസമ്മേളനങ്ങളിലെ ധൈര്യപ്പെടുത്തുന്ന സാന്നിധ്യം ആശ്വാസത്തിന്റേതായി.
അവതരിപ്പിക്കാൻ കൃത്യമായ പരിപാടിയില്ലാതെ തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം വിളിച്ചുചേർക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് മാറി. സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ആത്മധൈര്യമില്ലാത്തത്, വീതം വെപ്പ് രാഷ്ട്രീയം, ദേശീയ നേതൃത്വമെന്നാൽ രാഹുലും പ്രിയങ്കയുമായി ചുരുങ്ങുന്നത് എന്നിങ്ങനെ കോൺഗ്രസ് തോൽവിക്ക് എണ്ണി എണ്ണി കാരണങ്ങൾ പറയുന്നുണ്ട് സത്യദീപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..