കൊച്ചി
ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണം കവർന്ന കേസിലെ പ്രതി ബാബുക്കുട്ടനെ ഞായറാഴ്ച മുളന്തുരുത്തിയിൽ എത്തിച്ച് തെളിവെടുക്കും. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ശനിയാഴ്ച തെളിവെടുത്തു. ഗുരുവായൂർ-–-പുനലൂർ പാസഞ്ചർ ട്രെയിന്റെ ബോഗി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആയതിനാലാണ് ഇവിടെ എത്തിച്ചത്. രണ്ടുമണിക്കൂർ നീണ്ട തെളിവെടുപ്പിൽ എങ്ങനെയാണ് യുവതിയെ ആക്രമിച്ചതെന്ന് ബാബുക്കുട്ടൻ വിവരിച്ചു.
ഇയാൾ സ്‌ക്രൂഡ്രൈവർ വാങ്ങിയ ആലപ്പുഴയിലെ മുല്ലയ്‌ക്കലിൽ ഞായറാഴ്ച എത്തിക്കും. ആക്രമണം നടന്ന മുളന്തുരുത്തിയിൽ ഇതിനുശേഷമാണ് എത്തിക്കുക. പ്രതിയും യുവതിയും ട്രെയിനിൽ കയറിയ മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ, യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞ പ്രദേശം, യുവതി ട്രെയിനിൽനിന്ന് ചാടിയ കാഞ്ഞിരമറ്റം ഓലിപ്പുറം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
കവർന്ന സ്വർണാഭരണങ്ങൾ ട്രെയിനിൽ ഉറങ്ങുന്നതിനിടെ മറ്റാരോ എടുത്തെന്നാണ് ബാബുക്കുട്ടൻ ആദ്യം പറഞ്ഞത്. പിന്നീട് ഇവ വിറ്റെന്ന് സമ്മതിച്ചു. എന്നാൽ, സ്വർണാഭരണങ്ങൾ വിറ്റെന്നു പറയുന്ന സ്ഥാപനങ്ങൾ പലതും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്.
ബാബുക്കുട്ടൻ എവിടെയാണ് ഒളിച്ചുതാമസിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാറിലെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയാനായി എത്തിയപ്പോൾ അവർ ബാബുക്കുട്ടനെ പുറത്താക്കി പൊലീസിൽ അറിയിക്കുകയായിരുന്നു. അറസ്‌റ്റിലായശേഷം അപസ്മാരം വന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞമാസം 28-നാണ് മുളന്തുരുത്തി സ്വദേശിയായ യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയത്. രക്ഷപ്പെടാൻ യുവതി ട്രെയിന്റെ പുറത്തേക്ക് ചാടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..