09 May Sunday

അല്‍ അഖ്സയില്‍ വെടിയുതിര്‍ത്ത് ഇസ്രയേല്‍ ; 200 പലസ്തീന്‍കാര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


ജറുസലേം
ഇസ്ലാമതവിശ്വാസികളുടെ പരമോന്നതപുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന്‍ ജെറുസലേമിലെ ആല്‍ അഖ്സ മസ്ജിദില്‍ വിശുദ്ധറംസാനിലെ അവസാന വെള്ളിയാഴ്ച  ഇസ്രയേൽ പൊലീസിന്റെ ആക്രമണത്തിൽ ഇരുനൂറിലധികം പലസ്‌തീൻകാര്‍ക്ക് പരിക്ക്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സമാധാനത്തിനായി അന്താരാഷ്ട്രസമൂഹം അഭ്യര്‍ത്ഥനനടത്തിയതിന് പിന്നാലെയാണ് റബ്ബര്‍ കവചമുള്ള ലോഹബുള്ളറ്റും ​ഗ്രനേഡുകളുംകൊണ്ട് ഇസ്രയേല്‍ പലസ്തീന്‍ജനതയെ നേരിട്ടത്. പലരുടെയും പരിക്ക് മുഖത്താണെന്ന് റെഡ് ക്രോസ് അറിയിച്ചു.

റമദാനിലെ അതീവപ്രാധാന്യമുള്ള പ്രാര്‍ത്ഥനാദിനമായ അവസാന വെള്ളിയാഴ്ച മസ്ജിദില്‍ ഏഴായിരത്തിലേറെ വിശ്വാസികള്‍ എത്തിയിരുന്നു.   പലസ്തീൻകാര്‍ നഗരം വിടണമെന്ന ഇസ്രയേലിന്റെ തിട്ടൂരത്തിനെതിരെ മസ്ജിദിനുമുന്നില്‍ ചിലര്‍ പ്രതിഷേധിച്ചു. ഇവരെയാണ് ആയുധംകൊണ്ട് നേരിട്ടത്.പള്ളിയിൽ എത്തിയവർക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ അൽ അഖ്സ അധികൃതർ അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. വെടിവെയ്പ്പിനിടെയിലും പ്രാര്‍ത്ഥാനകര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

പലസ്തീൻകാർക്കുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരണമെന്ന്പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പറഞ്ഞു.ജറുസലേമിലെ പഴയ നഗരഭാഗങ്ങളിലേക്ക്‌ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവര്‍ക്ക് ഇസ്രയേൽ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണിവിടെ സംഘര്‍ഷം വര്‍ധിച്ചത്. പലസ്തീന്‍കാരെ ഒഴിപ്പിക്കാനുള്ള ഇസ്രായേല്‍ കോടതി നടപടികള്‍ പുരോ​ഗമിക്കുകയാണ്.

ഈ നീക്കം സ്ഥിതി​ഗതി സങ്കീര്‍ണമാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ നടപടി സ്ഥിതിവഷളാക്കുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചിരുന്നു. ജോര്‍ദ്ദാനും ഇസ്രയേല്‍ നീക്കത്തെ അപലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top