കണ്ണൂർ > ചാലയിൽ മറിഞ്ഞ ടാങ്കറിൽനിന്ന് പാചകവാതകം പൂർണമായി നീക്കി. ടാങ്കർ മറിഞ്ഞ് ചോർച്ചയുണ്ടായതിനെത്തുടർന്ന് 15 മണിക്കൂറെടുത്താണ് പാചകവാതകം മാറ്റിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ഇതുവഴിയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച പകൽ രണ്ടോടെയാണ് ടാങ്കർ മറിഞ്ഞത്.
അമിതവേഗത്തിലെത്തിയ ടാങ്കർലോറി ട്രാഫിക് സർക്കിളിലാണ് അപകടത്തിൽപ്പെട്ടത്. ടാങ്കിന്റെ ഗേജ് നിലത്തുരഞ്ഞ് ചോർച്ചയുണ്ടാവുകയായിരുന്നു. വാതകച്ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികളെ മാറ്റിയിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയുംചെയ്തു. പൊലീസും അഗ്നിരക്ഷാസേനയും റവന്യൂ അധികൃതരും നാട്ടുകാരും ഉണർന്നുപ്രവർത്തിച്ചാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ചേളാരിയിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാങ്കേതിക വിദഗ്ധരെത്തിയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ചോർച്ചയുള്ള ടാങ്കറിനിന്ന് പാചകവാതകം മാറ്റിത്തുടങ്ങിയത്. അഞ്ച് ടാങ്കറുകളിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഇത് പൂർത്തിയായത്. മറിഞ്ഞ ടാങ്കർ ഖലാസികൾ അപകടസ്ഥലത്തുനിന്ന് മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടം നടന്നയുടൻ പ്രദേശത്തുനിന്ന് മാറിയവർ വ്യാഴാഴ്ച രാത്രിയോടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു.
2012–-ൽ 20 പേരുടെ മരണത്തിനിടയാക്കിയ ടാങ്കർ അപകടത്തിനുശേഷം ചാലയിൽതന്നെ നിരവധിതവണ ടാങ്കറുകൾ അപകടത്തിൽപെട്ടിരുന്നു. ടാങ്കറുകളടക്കമുള്ള വാഹനങ്ങളുടെ വേഗംനിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ സ്ഥിരംസംവിധാനം ഇവിടെ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..