08 May Saturday

ലോറിയസിൽ മിന്നി ഒസാകയും നദാലും

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

ബർലിൻ > കായികരംഗത്തെ പ്രധാന പുര‌സ്‌കാരമായ ലോറിയ‌സ്‌ അവാർഡ്‌ ടെന്നീസ്‌ താരങ്ങളായ നവോമി ഒസാകയ്‌ക്കും റാഫേൽ നദാലിനും. യുഎസ്‌ ഓപ്പൺ ചാമ്പ്യനായതാണ്‌ ഒസാകയ്‌ക്ക്‌ മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്‌. നദാലാകട്ടെ ഫ്രഞ്ച്‌ ഓപ്പൺ വിജയത്തോടെ റോജർ ഫെഡററുടെ 20 ഗ്രാൻഡ്‌ സ്ലാം കിരീടവിജയത്തിന്റെ റെക്കോഡിന്‌ ഒപ്പവും എത്തി.

ജർമൻ ഫുട്‌ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ്‌ മികച്ച ടീം. ലിവർപൂൾ മുന്നേറ്റക്കാരൻ മുഹമ്മദ്‌ സലാ ‘ഇൻസ്‌പിരേഷൻ’ അവാർഡും നേടി. ടെന്നീസ്‌ ഇതിഹാസം ബില്ലി ജീൻ കിങ്ങിനാണ്‌ ആജീവനാന്ത പുരസ്‌കാരം.

കളത്തിലെ മികവ്‌ മാത്രമല്ല ഒസാകയ്‌ക്ക്‌ ലോറിയസ്‌ നൽകാൻ കാരണമെന്ന്‌ ജൂറി വ്യക്തമാക്കി. വംശീയതയ്‌ക്കെതിരായ ഈ ജപ്പാൻകാരിയുടെ പ്രചാരണത്തെ ജൂറി അഭിനന്ദിച്ചു. യുഎസ്‌ ഓപ്പണിനായി കളത്തിലെത്തുമ്പോൾ പൊലീസിന്റെയും വംശീയവാദികളുടെയും ആക്രമണത്താൽ കൊല്ലപ്പെട്ട കറുത്തവംശജരുടെ പേര്‌ ആലേഖനം ചെയ്‌ത മുഖാവരണവുമണിഞ്ഞാണ്‌ ഒസാക എത്തിയത്‌. ഇത്‌ രണ്ടാംവട്ടമാണ്‌ ഇരുപത്തിമൂന്നുകാരി ലോറിയസ്‌ നേടുന്നത്‌. നദാലിന്‌ ഇത്‌ നാലാംവട്ടമാണ്‌.

ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ പ്രധാന കിരീടങ്ങൾ എല്ലാം സ്വന്തമാക്കിയതാണ്‌ ബയേണിന്‌ മികച്ച ടീം എന്ന നേട്ടം കൈവന്നത്‌. പുതുതായി പ്രഖ്യാപിച്ച അത്‌ലീറ്റ്‌ അഡ്വക്കറ്റ്‌ പുരസ്‌കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ്‌ ഹാമിൽട്ടണിനാണ്‌.


@മികച്ച വനിതാ താരം: *നവോമി ഒസാക
@പുരുഷ താരം: റാഫേൽ നദാൽ
@മികച്ച ടീം: ബയേൺ മ്യൂണിക്
@അത്‌ലീറ്റ്‌ അഡ്വക്കറ്റ്‌: *ലൂയിസ്‌ ഹാമിൽട്ടൺ
@പ്രചോദിപ്പിച്ച താരം: മുഹമ്മദ്‌ സലാ
@ആജീവനാന്ത പുരസ്കാരം: *ബില്ലി ജീൻ കിങ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top