തിരുവനന്തപുരം > പതിനഞ്ചാം കേരള നിയമസഭയിലേക്ക് എത്തിയവരിൽ 60 പേർ തദ്ദേശസ്ഥാപനങ്ങളിൽ ഭരണപരിചയമുള്ളവർ. ഇതിൽത്തന്നെ കൂടുതൽ പേരും പുതുമുഖങ്ങളാണ്. പഞ്ചായത്തീരാജ് സംവിധാനം ജനപ്രതിനിധികളെ ഏങ്ങനെ വാർത്തെടുക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പ്രാതിനിധ്യം. നാല് മുൻ മേയർമാരെക്കൂടാതെ ഏഴ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരുമുണ്ട്. ഗ്രാമ, ബ്ലോക്, നഗരസഭകളിലൂടെ വന്നവരും ഏറെ.
അഴീക്കോട്ടുനിന്ന് വിജയിച്ച കെ വി സുമേഷ് (കണ്ണൂർ), കൊയിലാണ്ടിയിൽനിന്നുള്ള കാനത്തിൽ ജമീല (കോഴിക്കോട്), കുറ്റ്യാടിയിലെ കെ പി കുഞ്ഞഹമ്മദ്‌കുട്ടി മാസ്റ്റർ (കോഴിക്കോട്), കോങ്ങാട്ടുനിന്ന് വിജയിച്ച കെ ശാന്തകുമാരി (പാലക്കാട്), പെരുമ്പാവൂരിലെ എൽദോസ് കുന്നപ്പിള്ളി (എറണാകുളം), പൂഞ്ഞാറിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കോട്ടയം), കായംകുളത്തുനിന്ന് വീണ്ടുമെത്തുന്ന യു പ്രതിഭ (ആലപ്പുഴ) എന്നിവർ ജില്ലാ പഞ്ചായത്ത് അധ്യക്ഷരായിരുന്നു.
എ കെ എം അഷറഫ് (മഞ്ചേശ്വരം) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു. ടി ഐ മധുസൂദനൻ (പയ്യന്നൂർ) നഗരസഭാ മുൻ വൈസ് ചെയർമാനാണ്. യു എ ലത്തീഫ് (മഞ്ചേരി) നഗരസഭാ ചെയർമാനും പി ഉബൈദുള്ള (മലപ്പുറം) ജില്ലാ പഞ്ചായത്ത് അംഗവുമായിട്ടുണ്ട്. പി മമ്മുക്കുട്ടി (ഷൊർണൂർ) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും എ പ്രഭാകരൻ (മലമ്പുഴ), കെ പ്രേംകുമാർ (ഒറ്റപ്പാലം) എന്നിവർ അംഗങ്ങളുമായിരുന്നു. ടി ജെ വിനോദ് (എറണാകുളം) മുൻ ഡെപ്യൂട്ടി മേയറാണ്. ദലീമ ജോജോ (അരൂർ) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. അഡ്വ. ജോബ് മൈക്കിൾ (ചങ്ങനാശേരി) മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം. വാഴൂർ സോമൻ ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിട്ടുണ്ട്. ജെ ചിഞ്ചുറാണി (ചടയമംഗലം) മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമാണ്. ജി സ്റ്റീഫൻ (അരുവിക്കര) ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ഒ എസ് അംബിക (ആറ്റിങ്ങൽ) ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജി ആർ അനിൽ (നെടുമങ്ങാട്) കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..