തിരുവനന്തപുരം > സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ഡൗണ്‍ ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം. കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുക എന്നതാണ് പ്രധാനം. എങ്കില്‍ ഒരുപാട് പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പട്ടിണി വരാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്ന വരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവ് അയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാര്‍പ്പിക്കണം. നിര്‍മ്മാണപ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളെ സൈറ്റില്‍ തന്നെ താമസിപ്പിക്കണം. അല്ലെങ്കില്‍ വാഹനത്തില്‍ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍നോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഒരു ഗതാഗത പ്ലാന്‍ ഉണ്ടാവണം. ആംബുലന്‍സ് കൂടാതെ മറ്റു വാഹനങ്ങളെയും ഉപയോഗിക്കാന്‍ കഴിയണം. ഒരു പഞ്ചായത്തില്‍ അഞ്ച് വാഹനവും ഒരു നഗരസഭയില്‍ പത്ത് വാഹനവും ഉണ്ടാകണം. വാര്‍ഡ് തല സമിതികളുടെ വശം പള്‍സ് ഓക്‌സിമീറ്റര്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വാര്‍ഡ്തല സമിതിയുടെ കയ്യില്‍ അഞ്ച് ഓക്‌സിമീറ്റര്‍ എങ്കിലും കരുതുന്നത് നല്ലതാണ്.
പഞ്ചായത്ത് - നഗരസഭാ തലത്തില്‍ ഒരു കോര്‍ ടീം വേണം. പഞ്ചായത്ത് - നഗരസഭ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഉള്ള ടീമില്‍ സെക്രട്ടറി, ആരോഗ്യ സമിതി ചെയര്‍മാന്‍, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, സെക്ടറല്‍ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഉണ്ടാകണം. അത്യാവശ്യം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്യാം.-മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..