09 May Sunday

ആർഎസ്‌പിക്കെതിരെ 
സാമൂഹ്യമാധ്യമങ്ങളിൽ പൊങ്കാല ; ട്രോളർമാർ ആഘോഷമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021


കൊല്ലം
തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം നേരിട്ട ആർഎസ്‌പിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പൊങ്കാല.  കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ ഒരേ നേതാക്കളുള്ള പാർടിയിൽ തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്നുള്ള നടപടികളാണ്‌ ട്രോളർമാർ ആഘോഷമാക്കുന്നത്‌. എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്‌, ഷിബു ബേബിജോൺ  എന്നിവരടങ്ങുന്ന നേതൃത്വം പരസ്‌പരം നടപടിയെടുക്കുന്നതും പരിഹാരം കണ്ടെത്തുന്നതുമാണ്‌ സാമൂഹ്യമാധ്യമങ്ങളിലെ ചൂടേറിയ ചർച്ച‌.

തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന്‌ പാർടി പുറത്തിറക്കിയതെന്ന പേരിലുള്ള പത്രക്കുറിപ്പാണ്‌ ട്രോളിന്‌ ആധാരം. ‘പത്രക്കുറിപ്പി’ലെ പരാമർശങ്ങൾ ഇങ്ങനെ: "കേരളത്തിൽ സംഭവിച്ച കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട്‌ പകരം കേന്ദ്ര നേതാക്കളെ സംസ്ഥാന നേതൃസ്ഥാനത്ത് കൊണ്ടുവരുമെന്ന് ആർഎസ്‍പി കേന്ദ്രകമ്മിറ്റി അറിയിച്ചു. സംസ്ഥാന നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ,  എ എ അസീസ്, ഷിബു ബേബിജോൺ എന്നിവരെ മാറ്റി പകരം കേന്ദ്ര നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്, ഷിബു ബേബിജോൺ എന്നിവരെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ഇന്നു ചേർന്ന കേന്ദ്രകമ്മിറ്റിയോഗത്തിൽ തീരുമാനമായി. കേന്ദ്ര കമ്മിറ്റിയിൽ എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്‌, ഷിബു ബേബിജോൺ എന്നിവർ പങ്കെടുത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരണം പിടിക്കുകയാണ് മാറ്റംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. അതിശക്തമായ ഈ തീരുമാനം എടുത്ത കേന്ദ്രകമ്മിറ്റി അംഗങ്ങളായ എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്, ഷിബു ബേബിജോൺ എന്നിവർക്കും തീരുമാനം പൂർണമായി അംഗീകരിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്, ഷിബു ബേബിജോൺ എന്നിവർക്കും പ്രധാന അണികളായ എൻ കെ പ്രേമചന്ദ്രൻ, എ എ അസീസ്, ഷിബു ബേബിജോൺ എന്നിവർ അഭിവാദ്യം  അർപ്പിച്ചു.’

ഇത്തവണ മത്സരിച്ച അഞ്ചിടത്തും ആർഎസ്‌പി തോറ്റിരുന്നു. ആർഎസ്‌പി യുഡിഎഫ്‌ ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം അണികളിൽ ശക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top