കണ്ണൂർ
ചാലയിൽ പാചകവാതക ടാങ്കർലോറി മറിഞ്ഞു. പാചകവാതകം ചോർന്നതോടെ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. 2012–-ൽ പാചകവാതക ടാങ്കർ പൊട്ടിത്തെറിച്ച് ഇരുപതുപേർ മരിക്കാനിടയായ സ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെയാണ് വീണ്ടും അപകടം.
മംഗളുരുവിൽനിന്ന് വരികയായിരുന്ന, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതക ടാങ്കറാണ് വ്യാഴാഴ്ച പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ലോറി ട്രാഫിക് സർക്കിളിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അതിനുളളിൽ കുടുങ്ങിയ ഡ്രൈവർ വേൽമുരുകനെ (40) പുറത്തെടുത്തത്.
പാചകവാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ വൈദ്യുതിബന്ധം പൂർണമായി വിഛേദിച്ചു. ഗതാഗതവും നിരോധിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുമ്പോഴേക്കും പ്രദേശത്തെ ഭൂരിഭാഗംപേരും വീടുകളിൽനിന്ന് മാറിയിരുന്നു. പിന്നീട് ബാക്കിയുള്ളവരെയും മാറ്റി. ടാങ്കറിനുമുകളിലേക്ക് തുടർച്ചയായി വെള്ളംചീറ്റിയാണ് വായുവിൽ പാചകവാതകം പടരുന്നതും ടാങ്കർ പൊട്ടിത്തെറിക്കുന്നതും ഒഴിവാക്കിയത്. ടാങ്കറിനുചുറ്റും മണ്ണുപയോഗിച്ച് മൂടിയും ചോർച്ചയുടെ അളവുകുറച്ചു. വൈകിട്ട് സാങ്കേതിക വിദഗ്ധരെത്തിയാണ് മറ്റ് ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..