07 May Friday
കേന്ദ്രമന്ത്രി വി മുരളീധരന്റെ കാറിന്റെ ചില്ല് തകര്‍ത്തു

ബം​ഗാള്‍ കലുഷം ; സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍

ഗോപിUpdated: Friday May 7, 2021


കൊൽക്കത്ത തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളിൽ രൂക്ഷമായ ആക്രമണം നിയന്ത്രണമില്ലാതെ തുടരുന്നു. നാലു ദിവസത്തിനുള്ളിൽ 21 പേരാണ് കൊല്ലപ്പെട്ടത്.  പശ്ചിമ മേദിനിപൂരില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കാറിന് നേരെ ആക്രമണമുണ്ടായി.  വലിയ വടികളുമായി നിരവധി പേര്‍ കേന്ദ്രമന്ത്രിയുടെ വാഹനം വളയുന്ന ദൃശ്യംപുറത്തുവന്നു. കാറിന്‍റെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. തൃണമൂൽ കോൺഗ്രസാണ് ആക്രമത്തിന് പിന്നിലെന്ന്  വി മുരളീധരൻ പ്രതികരിച്ചു.

കൂച്ചു ബിഹാർ ദിൻഹട്ടയിൽ തൃണമൂൽ നേതാവും മുൻ എംപിയുമായ ഉദയൻ ഗുഹയുടെ വീട് ബിജെപിക്കാർ ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈ തല്ലിയൊടിച്ചു. മുഖ്യമായും തൃണമൂലാണ് അക്രമത്തിന് നേതൃത്വം നൽകുന്നത്. ബിജെപിയും ഒട്ടും പിന്നിലല്ല.  ഇടതുമുന്നണി സംയുക്തമോർച്ച  പ്രവർത്തകരും അക്രമത്തിന് ഇരയാകുന്നു.

കൊലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രുപ വീതം  നഷ്ടപരിഹാരം നൽകുമെന്ന്‌ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.  അക്രമം അവസാനിപ്പിച്ച്  സമാധാനം സംരക്ഷിക്കാൻ സർക്കാരും ഉഭയ കക്ഷികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ് സലിം ആവശ്യപ്പെട്ടു.

ബംഗാളിൽ കേന്ദ്രസംഘം
നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെ തൃണമൂൽ ആക്രമണം രൂക്ഷമായ ബംഗാളിൽ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച നാലംഗ കേന്ദ്രസംഘം എത്തി. ആഭ്യന്തര മന്ത്രാലയത്തിലെ അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം  മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. എത്രയും വേഗം റിപ്പോർട്ടുനൽകാൻ കേന്ദ്രം ബംഗാൾസർക്കാരിന്‌ നിർദേശം നൽകി.  ഗവർണറോടും റിപ്പോർട്ടു തേടി. ബിജെപി നേതാക്കളും പ്രവർത്തകരും അനാവശ്യപ്രകോപനം സൃഷ്ടിക്കുകയാണെന്ന്‌ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top