കാഞ്ഞങ്ങാട്
പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള കിനാവുകൾ ബാക്കിയാക്കി, മുസ്ലിംലീഗുകാരുടെ കൊലക്കത്തിയിൽ ജീവൻപൊലിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകൻ പഴയകടപ്പുറത്തെ ഔഫ് അബ്ദുറഹ്മാന് കുഞ്ഞ് ജനിച്ചു. വ്യാഴാഴ്ച രാവിലെ 7.45ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഔഫിന്റെ ഭാര്യ ഷാഹിന ആൺകുഞ്ഞിന് ജന്മംനൽകിയത്. ഔഫ് കൊല്ലപ്പെടുമ്പോൾ ഷാഹിന അഞ്ചുമാസം ഗർഭിണിയായിരുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ നെയ്‌ത ഔഫ്, ആൺകുഞ്ഞാണെങ്കിൽ വിളിക്കാൻ പേരുകൂടി കണ്ടുവച്ചിരുന്നു. പൊന്നോമനയ്‌ക്ക് ബാപ്പ പറഞ്ഞ പേരുതന്നെ വിളിക്കുമെന്ന് ഷാഹിന പറഞ്ഞു.
ഷാഹിനയെ ആശുപത്രിയിൽ കാണിക്കാൻ സുഹൃത്തിൽനിന്ന് പണംവാങ്ങാൻ പോയ സമയത്താണ് 2020 ഡിസംബർ 23ന് രാത്രി ബാവ നഗറിലേക്കുള്ള റോഡിൽ ലീഗുകാർ ഔഫിനെ കുത്തിക്കൊന്നത്. ഒരു പെറ്റിക്കേസിൽപോലും പ്രതിയല്ലാത്ത ഔഫിനെയാണ് കത്തിമുനയിൽ ഒടുക്കിയത്. കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പിൽ ലീഗുകേന്ദ്രത്തിലുണ്ടായ പരാജയമാണ് ഔഫിനെ കൊല്ലാൻ അവരെ പ്രേരിപ്പിച്ചത്. ഇടതുപക്ഷത്തോട് ചേർന്നാലുണ്ടാകുന്ന ഭവിഷ്യത്ത് സമുദായത്തിലുള്ളവരെ ഓർമിപ്പിക്കാൻകൂടിയാണ് ആത്മീയപണ്ഡിതൻ ആലമ്പാടി ഉസ്താദിന്റെ ചെറുമകനായ ഔഫിനെ കൊലക്കത്തിക്കിരയാക്കിയത്.
ഔഫിന്റെ കുടുംബത്തിന് ആശ്രയമായി ഡിവൈഎഫ്ഐയും തൊഴിലാളി പ്രസ്ഥാനവുമുണ്ട്. ബാപ്പയില്ലാത്ത വേദന ഔഫിന്റെ കുഞ്ഞിനെ അറിയിക്കാതിരിക്കാൻ ആയിരം കൈകൾ ഒരുമിച്ചെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..