07 May Friday
ഇംഗ്ലീഷ്‌ ഫൈനൽ

ചാമ്പ്യൻസ് ലീഗ് ഫെെനലിൽ ചെൽസി–മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇംഗ്ലീഷ്‌ ഫൈനൽ. ചെൽസി -മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടും. മെയ്‌ 28ന്‌ ഇസ്‌താംബുളിലാണ്‌ കിരീടപ്പോരാട്ടം.

പതിമൂന്നുവട്ടം ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3–-1ന്‌ വീഴ്‌ത്തിയാണ്‌ ചെൽസി ഫൈനൽ ഉറപ്പിച്ചത്‌. രണ്ടാംപാദത്തിൽ സ്വന്തംതട്ടകത്തിൽ സിനദിൻ സിദാന്റെ റയലിനെ രണ്ട്‌ ഗോളിന്‌ നീലപ്പട തകർത്തു. ടിമോ വെർണറും മാസൺ മൗണ്ടും ലക്ഷ്യം കണ്ടു. ഗോൾകീപ്പർ എഡ്വേർഡ്‌ മെൻഡിയുടെ രക്ഷപ്പെടുത്തലുകളും 20‌12നുശേഷം അവരുടെ ആദ്യ ഫൈനൽ പ്രവേശത്തിന്‌ കാരണമായി.

ആദ്യപാദത്തിൽ ഇരുടീമുകളും ഒരോ ഗോൾവീതം നേടി പിരിയുകയായിരുന്നു. ചെൽസിയുടെ സ്റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ ഒരുങ്ങിത്തന്നെയായിരുന്നു റയൽ എത്തിയത്‌. പ്രതിരോധത്തിൽ വിശ്വസ്‌തൻ സെർജിയോ റാമോസും ഫെർലാൻഡ്‌ മെൻഡിയും തിരിച്ചെത്തി. മുന്നേറ്റത്തിൽ ബൽജിയം സൂപ്പർതാരം ഏദെൻ ഹസാർഡും ആദ്യപതിനൊന്നിൽ ഉൾപ്പെട്ടു. പ്രതിരോധം ഉറപ്പിച്ചാണ്‌ തോമസ്‌ ടുഷെൽ ടീമിനെ ഇറക്കിയത്‌.

പന്തടക്കത്തിൽ റയലായിരുന്നു തുടക്കമേ മുന്നിൽ. എന്നാൽ ചെൽസി വല അവർക്ക്‌ ഭേദിക്കാനായില്ല. ഹസാർഡ്‌ തീർത്തും മങ്ങി. ചെൽസിയുടെ ഉറച്ച പിൻനിര കരീം ബെൻസെമയെയും ഹസാർഡിനെയും അടക്കി. ബെൻസെമയുടെ രണ്ട്‌ ഉശിരൻ ഷോട്ടുകൾ മെൻഡി തട്ടിയകറ്റിയതും റയലിന്‌ നിരാശയായി. നിറഞ്ഞുകളിച്ച എൻഗോളോ കാന്റെയുടെ മുന്നേറ്റത്തിലാണ്‌ ചെൽസി ലീഡ്‌ എടുത്തത്‌. ഈ ഫ്രഞ്ചുകാരൻ നൽകിയ പന്ത്‌ കയ്‌ ഹവേർട്‌സ്‌ തൊടുത്തു. പക്ഷേ, ബാറിൽ തട്ടി വീണു. മുന്നിലുണ്ടായിരുന്ന വെർണർക്ക്‌ തലകൊണ്ട്‌ തട്ടുകയേ ചെയ്യേണ്ടിയിരുന്നുള്ളു. റയൽ ഗോളി തിബൗ കുർട്ടോയും റാമോസും വെർണർക്ക്‌ പിന്നിലായിരുന്നു.

ഇടവേള കഴിഞ്ഞും റയലിന്റെ സമ്മർദങ്ങൾ ഫലിച്ചില്ല. ചെൽസി പ്രതിരോധം വിടാതെ നിന്നു. കളിതീരാൻ അഞ്ച്‌ മിനിറ്റ്‌ ബാക്കിനിൽക്കേയാണ്‌ ചെൽസി ഫൈനലുറപ്പിച്ച്‌ രണ്ടാംഗോൾ കുറിച്ചത്‌. ക്രിസ്റ്റ്യൻ പുലിസിക്കിന്റെ നീക്കത്തിൽ മൗണ്ട്‌ ഗോൾ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top