07 May Friday

ടുഷെലിന്റെ ചെൽസി

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


സ്റ്റാംഫോർഡ്‌ ബ്രിഡ്‌ജ്‌
‘ഏത്‌ ടീമും നേരിടാൻ ഭയപ്പെടുന്ന ഒരു സംഘത്തെ ഒരുക്കുക എന്നതാണ്‌ ലക്ഷ്യം’–-ജനുവരിയിൽ ചെൽസിയുടെ പരിശീലക ചുമതല ഏറ്റെടുത്തുകൊണ്ട്‌ തോമസ്‌ ടുഷെൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌ ഇങ്ങനെ. കേട്ടുനിന്നവർക്കെല്ലാം അതൊരു വാചകക്കസർത്ത്‌ മാത്രമായാണ്‌ തോന്നിയത്‌. ഏത്‌ പരിശീലകനും ആദ്യ വാർത്താസമ്മേളനത്തിൽ പറയുന്ന സ്ഥിരംപല്ലവി‌. ഫ്രാങ്ക്‌ ലംപാർഡിനുകീഴിൽ ദിശ നഷ്ടപ്പെട്ട ഒരുകൂട്ടത്തെ ടുഷെൽ ഉയർത്തുമെന്ന്‌ സ്വപ്നംകാണാൻപോലും കഴിയുമായിരുന്നില്ല.

നാല്‌ മാസത്തിനുശേഷം സ്റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ മറ്റൊരു വാർത്താസമ്മേളനം. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ഫൈനലിൽ കടന്നശേഷം ടുഷെൽ മാധ്യമങ്ങളെ കണ്ടു. ‘ജയിക്കാനുള്ള മോഹം ഒരിക്കലും ഈ ടീമിന്‌ കൈമോശം വന്നിട്ടില്ല. അത്‌ ഞങ്ങൾ തെളിയിച്ചുകൊണ്ടേയിരിക്കും’–-റയൽ മാഡ്രിഡിനെതിരായ വിജയശേഷം ജർമൻ പരിശീലകൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയെ ഫൈനലിൽ എത്തിച്ച ടുഷെലിന്‌ ഇത്‌ തുടർച്ചയായ രണ്ടാം കിരീടപ്പോരാണ്‌. രണ്ട്‌ വ്യത്യസ്‌ത ടീമുകളെ ഫൈനലിൽ എത്തിക്കുന്ന ആദ്യ പരിശീലകൻ.

ടുഷെൽ സ്ഥാനമേൽക്കുമ്പോൾ ചെൽസി പ്രീമിയർ ലീഗിൽ പത്താംസ്ഥാനത്തായിരുന്നു. കിരീടപ്രതീക്ഷ കൈവിട്ട ടീമിന്‌ ആദ്യ നാല്‌ സ്ഥാനങ്ങളിൽ എത്തുക എന്നതായിരുന്നു അവശേഷിക്കുന്ന പ്രതീക്ഷ. ഇന്ന്‌ ചെൽസി നാലാമതാണ്‌. ടുഷെൽ അടിമുടി ടീമിനെ മാറ്റി. ചെൽസിയെ അജയ്യരാക്കിക്കൊണ്ടിരുന്നു.

ഈ നാൽപ്പത്തേഴുകാരനുകീഴിൽ കളിച്ച 24ൽ 16ലും ടീം ജയിച്ചു. 18 കളിയിലും ഗോൾ വഴങ്ങിയില്ല. പ്രതിരോധം ഉറപ്പിച്ച്‌ പ്രത്യാക്രമണങ്ങളിലൂടെ കളി പിടിക്കുക എന്നതാണ്‌ ശൈലി. 3–-4–-3 എന്നതാണ്‌ ഇഷ്ടവിന്യാസം. എഫ്‌എ കപ്പ്‌ ഫൈനലിൽ ഇടംപിടിച്ചിരിക്കുന്ന ചെൽസി ഇത്തവണ രണ്ട്‌ കിരീടങ്ങളാണ്‌ നോട്ടമിടുന്നത്‌. 2012നുശേഷം ചാമ്പ്യൻസ്‌ ലീഗ്‌. ഈ മോഹങ്ങൾക്ക്‌ ജീവൻ ടുഷെൽ എന്ന മാന്ത്രികനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top