തിരുവനന്തപുരം
കോവിഡിൽ മരണം കൂടുന്നുവെന്നും ശ്‌മശാനം നിറഞ്ഞുകവിഞ്ഞെന്നും വൈറസിനേക്കാളും വലിയ വ്യാജവാർത്ത പടർത്താൻ ശ്രമം. തലസ്ഥാനത്തെ ശാന്തികവാടം ശ്‌മശാനമടക്കം എല്ലായിടത്തും പതിവുപോലെ ശവസംസ്‌കാരം നടന്നു. എല്ലാ മരണവും കോവിഡ് മൂലമല്ലെന്നിരിക്കെ, എത്തുന്ന മൃതദേഹത്തിന്റെ ദൃശ്യങ്ങൾ കാട്ടി ആശങ്ക പടർത്തുകയാണ് കുബുദ്ധികൾ. തിരുവനന്തപുരം ശാന്തികവാടത്തിൽ ആശങ്കയുടെ സാഹചര്യമില്ല. ദിവസം 40 മൃതദേഹംവരെ സംസ്‌കരിക്കാം. ബുക്ക് ചെയ്യുന്നതുപ്രകാരം സംസ്‌കാരസമയം അനുവദിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസംവരെ കോവിഡ് ബാധിച്ചുമരിച്ചവരെ മാത്രമാണ് ഇലക്ട്രിക്കൽ, ഗ്യാസ് ഫർണസുകളിൽ സംസ്‌കരിച്ചിരുന്നത്. വ്യാഴാഴ്‌ചമുതൽ വിറക് ചിതകളിലും ദഹിപ്പിക്കുന്നുണ്ട്.
കൊല്ലത്ത് പഞ്ചായത്തുകളിൽ മരിച്ചവരുടെ മൃതദേഹം കോർപറേഷനിലെ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കാൻ എത്തിക്കുന്നത് പ്രതിസന്ധിയായിട്ടുണ്ട്. പോളയത്തോട്, മുളങ്കാടകം ശ്‌മശാനങ്ങളിലാണ് എത്തിക്കുന്നത്. നേരത്തെ പോളയത്തോട് ശ്‌മശാനത്തിൽ ദിവസം ശരാശരി നാല്, അഞ്ച് മൃതദേഹമാണ് സംസ്കരിച്ചിരുന്നത്. അതിപ്പോൾ 10, -11 ആയി. 23 മൃതദേഹംവരെ സംസ്‌കരിക്കാം. പ്രവൃത്തിസമയം രാത്രി 11 വരെയാക്കി. പാലക്കാട് ജില്ലയിലെ മൂന്ന് പ്രധാന ശ്‌മശാനത്തിലും എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ഒരാഴ്‌ചയ്‌ക്കിടെ നേരിയ വർധനയുണ്ട്. എന്നാൽ, എല്ലാം കോവിഡ് മരണമാണെന്ന പ്രചാരണം തെറ്റാണ്.
ഷൊർണൂർ പുണ്യതീരത്ത് കോവിഡ് ബാധിച്ചുമരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.
കേരളത്തിൽ എല്ലാ ജില്ലയിലും സംസ്‌കാരത്തിന് മതിയായ സൗകര്യമുണ്ട്. എവിടെനിന്നും പരാതി ഇതുവരെ ഉയർന്നിട്ടില്ല. ആശങ്ക പരത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..