തിരുവനന്തപുരം
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ ബിഹാർ റോബിൻ ഹുഡ് ഗോവയിൽ പിടിയിൽ. പനാജിയിൽനിന്നാണ് ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെ ഗോവ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് കവർച്ചമുതലുകൾ കണ്ടെടുത്തതായും കേരള പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഒരു കോടിയുടെ കവർച്ചക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മുഹമ്മദ് ഇർഫാൻ ഗോവ പൊലീസിന്റെ വലയിലായത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മ്യൂസിയം പൊലീസ്. ഇവിടെ നടന്ന കവർച്ചയുടെ വിവരമുൾപ്പെടെ ഗോവ പൊലീസിന് അയച്ചുകൊടുത്തു.
വിഷുദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയത്. വലതുതോളിന് താഴെയുള്ള ടാറ്റു പതിച്ച മോഷ്ടാവിന്റെ ദൃശ്യം അന്വേഷകസംഘത്തിനു ലഭിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളിലേതടക്കമുള്ള പൊലീസുകാർ അംഗമായ വാട്‌സാപ് ഗ്രൂപ്പിൽ ദൃശ്യം പങ്കുവച്ചു. ഡൽഹി പൊലീസാണ് ദൃശ്യത്തിലുള്ളത് ബിഹാർ റോബിൻ ഹുഡാണെന്ന് ആദ്യം സ്ഥിരീകരിച്ചത്. ജനുവരിയിൽ ഇയാൾ ഡൽഹി പൊലീസിന്റെ പിടിയിലായെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
ഡൽഹി, പഞ്ചാബ്, ആന്ധ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണമുതലിന്റെ ഒരുഭാഗം ആഡംബര ജീവിതത്തിനും ശേഷിക്കുന്നത് നിർധനർക്ക് ദാനം ചെയ്യുന്നതുമാണ് ഇയാളുടെ രീതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..