കൊല്ലം
തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടിയെത്തുടർന്ന് യുഡിഎഫ് വിടാനൊരുങ്ങി ആർഎസ്‌പി. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പാർടി സ്വതന്ത്രനിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ് നേതാക്കൾ. ഈ ആവശ്യം ഉന്നയിച്ച് ജില്ല, മണ്ഡലം നേതാക്കൾ സംസ്ഥാന കമ്മിറ്റിക്കും നേതൃത്വത്തിനും കത്തുനൽകി. സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് യുഡിഎഫ് വിടുന്നതു സംബന്ധിച്ച തീരുമാനമെടുക്കും. എട്ടിനു ചേരാനിരുന്ന കമ്മിറ്റികൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റി.
യുഡിഎഫിൽ എത്തിയശേഷം പാർടിക്കുണ്ടായ തകർച്ച പ്രവർത്തകർക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്. ആർഎസ്‌പിയുടെ ഇടതുപക്ഷ സ്വഭാവം വീണ്ടെടുക്കണമെങ്കിൽ യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരുടെയും അഭിപ്രായം. ആർഎസ്‌പിയെ പിളർത്തുകയും തളർത്തുകയും ചെയ്‌ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബേബിജോൺ ജീവിച്ചിരിക്കുമ്പോൾത്തന്നെ 1999ൽ ഷിബു ബേബിജോണിനെ മുന്നിൽനിർത്തി ആർഎസ്‌പിയെ പിളർത്തിയത് കോൺഗ്രസാണ്. ബാബുദിവാകരനും ഒപ്പമുണ്ടായിരുന്നു. എന്നാൽ, പിന്നീട് ബാബുദിവാകരൻ ആർഎസ്‌പി എം എന്നപേരിൽ പുതിയ പാർടിയുണ്ടാക്കി. പിന്നീട് 2014ൽ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കാൻ ചരടുവലിച്ച ചില ആർഎസ്‌പി നേതാക്കൾക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. തുടർന്ന് ഷിബു ബേബിജോണിന്റെ പാർടി ഔദ്യോഗിക ആർഎസ്‌പിയിൽ ലയിച്ചു. ആർഎസ്‌പി യുഡിഎഫിൽ എത്തിയശേഷം നടന്ന 2016, 21 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പരാജയം നേരിട്ടു. ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം നാമമാത്രമായി ചുരുങ്ങി.
യുഡിഎഫ് വിടണമെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറി മുതൽ സാധാരണ പ്രവർത്തകർ വരെ ഒരേ അഭിപ്രായമാണ്. ഇന്നത്തെ നിലയിൽ യുഡിഎഫിൽ തുടർന്നാൽ പ്രവർത്തകരോടു മറുപടി പറയാൻ നേതാക്കൾ ഏറെ ബുദ്ധിമുട്ടേണ്ടിവരും. യുഡിഎഫ് പടുകുഴിയിൽ നിലംപതിച്ചെന്നും അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നതെന്നും ഷിബു ബേബിജോൺ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..