തൃശൂർ
കൊടകരയിൽ ബിജെപി സംഘം കുഴൽപ്പണം കവർന്ന കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. ഇതോടെ കേസിൽ 13 പ്രതികൾ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന സുജീഷ് (40), രഞ്ജിത്ത് (39), എഡ്‌വിൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മൂന്നുലക്ഷത്തോളം രൂപകൂടി കണ്ടെടുത്തു. ഇതോടെ 40 ലക്ഷത്തോളം രൂപ കണ്ടെത്തി.
പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിനു സമീപം തെളിവെടുപ്പുനടത്തി. ചാലക്കുടി ഡിവൈഎസ്‌പി കെ എം ജിജിമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഏപ്രിൽ മൂന്നിന് കൊടകരയിലാണ് കാർ ആക്രമണ നാടകം സൃഷ്ടിച്ച് കുഴൽപ്പണം കവർന്നത്. കോഴിക്കോട് സ്വദേശിയും ആർഎസ്എസുകാരനുമായ ധർമരാജ് 25 ലക്ഷം നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി. എന്നാൽ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഒഴുക്കാനുള്ള മൂന്നരക്കോടി കവർന്നതായി പുറത്തുവന്നു. പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞെങ്കിലും 40 ലക്ഷത്തിൽപ്പരം രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു.
യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി സുനിൽ നായിക് ഉൾപ്പെടെ ആർഎസ്എസ് നേതാക്കൾക്ക് ഈ പണമിടപാടുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റു നേതാക്കൾക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..