കണ്ണൂർ > എടക്കാട് ചാലയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടാങ്കറിൽനിന്ന് പാചകവാതകം ചോരുന്നതിനാൽ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി വിലക്കി. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. 2012ൽ പാചകവാതക ടാങ്കർ മറിഞ്ഞ് ഇരുപതു പേർ മരിക്കാനിടയായ ദുരന്തസ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെയാണ് വീണ്ടും അപകടം.
മംഗളൂരു ഭാഗത്തുനിന്നു വന്ന ടാങ്കർ ലോറി റോഡിലെ വളവിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോർച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാൻ ടാങ്കറിനു മുകളിലേക്ക് ഫയർഫോഴ്സ് തുടർച്ചയായി വെള്ളം ചീറ്റുന്നുണ്ട്.
അപകടം നടന്നതിന്റെ നൂറു മീറ്റർ ചുററളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. തോട്ടട, നടാൽ വഴി തിരിച്ചുവിട്ടു.
2012 ആഗസ്‌ത് 27ന് രാത്രി പതിനൊന്നോടെയാണ് ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ച് വൻ ദുരന്തമുണ്ടായത്. ഇരുപതു പേർക്ക് ജീവൻ നഷ്ടമായി. അമ്പതോളം പേർക്ക് പൊള്ളലേറ്റു. അതിനുശേഷവും ചാല ബൈപാസ് പരിസരത്ത് പലതവണ ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടു. എന്നാൽ ചോർച്ചയുണ്ടായിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..