തിരുവല്ല
ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാടിനെ ഒരുമയോടെ നയിച്ച സ്വർണനാവുകാരൻ ചരിത്രമായി. ആത്മീയാചാര്യന്മാരുടെ കൂട്ടത്തിൽ വേറിട്ട വഴിയിലൂടെ നടന്ന മഹാപുരോഹിതന് മലയാളം അന്ത്യാഞ്ജലിയർപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപോലീത്തായെ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.
ബുധനാഴ്ച പുലർച്ചെ 1.15ന് അന്തരിച്ച വലിയ മെത്രാപോലീത്തായുടെ മൃതദേഹം തിരുവല്ല സഭാ ആസ്ഥാനത്തെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടിന് മൂന്നാം ഘട്ട ശുശ്രൂഷ നടന്നു. പിന്നീട് പ്രമുഖരടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജു, കടകംപള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിഅമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കർദ്ദിനാൾ ജോർജ് ആലഞ്ചേരി തുടങ്ങി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
വൈകിട്ട് മൂന്നോടെ നാലാംഘട്ട സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മുഖ്യകാർമികത്വം വഹിച്ചു. ഇതര മെത്രാപോലീത്താമാരും വിവിധ ക്രൈസ്തവ സഭകളിലെ മെത്രാപോലീത്താമാരും സഹകാർമികത്വംവഹിച്ചു. 3.15ന് സഭാവളപ്പിൽതന്നെ നഗരികാണിക്കൽ ചടങ്ങ് നടത്തി. തുടർന്ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോട് ചേർന്ന് സഭയിലെ മുൻ കാല മെത്രാപോലീത്താമാർക്കൊപ്പം മാർ ക്രിസോസ്റ്റത്തിനേയും കബറടക്കി. സഭാ സെക്രട്ടറി റവ. കെ ജി ജോസഫ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..