തിരുവനന്തപുരം
സംസ്ഥാനം ഒമ്പതു ദിവസത്തേക്ക് പൂർണമായും അടച്ചിടും. ശനിയാഴ്‌ച രാവിലെ ആറുമുതൽ സമ്പൂർണ ലോക്‌ഡൗൺ നിലവിൽ വരും. 16ന് രാത്രി 12 വരെ തുടരും. കോവിഡിന്റെ രണ്ടാംവരവിൽ രോഗവ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലാണിത്.
മരുന്നുപോലുള്ള അത്യാവശ്യ സധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും മതിയായ രേഖയുള്ള വാഹനങ്ങൾ അനുവദിക്കും. അല്ലാതെയുള്ള സ്വകാര്യ വാഹനങ്ങളൊന്നും പൊതുനിരത്തിൽ അനുവദിക്കില്ല. കോവിഡ് സന്നദ്ധ പ്രവർത്തകരുടെ സഞ്ചാരം തടയില്ല. കോവിഡ് വാക്‌സിനേഷനായി വാഹനം അനുവദിക്കും. ഇതിന് വാക്‌സിൻ രജിസ്‌ട്രേഷൻ രേഖ വേണം. ചരക്ക് ഗതാഗതം തടയില്ല. എല്ലാ കടയും രാത്രി 7.30ന് അടയ്‌ക്കണം.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സമയക്രമം ബാധകമല്ല). കിടപ്പുരോഗികളുടെയും വൃദ്ധജനങ്ങളുടെയും സഹായികൾക്ക് യാത്രാനുവാദമുണ്ട് .
ഇന്ന് കൂടുതൽ ബസ് സർവീസ്
ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസി വെള്ളിയാഴ്‌ച രാത്രിവരെ പരമാവധി സർവീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ അമിത തിരക്കുണ്ടെങ്കിൽ ബംഗളൂരു– -കേരള അധിക സർവീസിന് മൂന്ന് ബസ് സജ്ജമാണ്.
ലോക്‌ഡൗണിൽ പതിവ് സർവീസ് ഇല്ല
ലോക്‌ഡൗണിൽ പതിവ് കെഎസ്‌ആർടിസി സർവീസ് ഉണ്ടാകില്ല. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി പ്രത്യേക സർവീസ് നടത്തും. ആശുപത്രി സൂപ്രണ്ടുമാർ അതത് യൂണിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. കെഎസ്ആർടിസിയുടെ കൺട്രോൾറൂം വഴിയും സജ്ജീകരണം ഒരുക്കും. കൺട്രോൾ റൂം നമ്പർ: 9447071021, 0471 2463799.
ഇവർക്ക് അടച്ചുപൂട്ടലില്ല
സംസ്ഥാന വകുപ്പുകൾ
ആരോഗ്യം, റവന്യൂ, ആയുഷ്, തദ്ദേശഭരണം, സിവിൽസപ്ലൈസ്, വ്യവസായം, തൊഴിൽ, മൃഗശാല, ഐടി മിഷൻ, ജലവിതരണം, വെറ്ററിനറി, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസുകൾ, പൊലീസ്, എക്‌സൈസ്, ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, കലക്ടറേറ്റ്, ട്രഷറി, വൈദ്യുതി, ജലവിഭവം, ശുചീകരണം.
കേന്ദ്ര വകുപ്പുകൾ
പ്രതിരോധം, കേന്ദ്ര പൊലീസ്, ട്രഷറി, പാചകവാതക വിതരണം, ദുരന്തനിവാരണം, തപാൽ, വിവരവിനിമയ കേന്ദ്രങ്ങൾ, എഫ്‌സിഐ, കാലാവസ്ഥ, എയർപോർട്ട് അതോറിറ്റി–-വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ.
അവശ്യകേന്ദ്രങ്ങൾ
കോൾഡ് സ്‌റ്റോറേജ്, വെയർ ഹൗസ്, സ്വകാര്യ സെക്യൂരിറ്റി സർവീസ്, ശുചിത്വപരിപാലന ഉൽപ്പന്നങ്ങളുടെ വിതരണം, മാസ്ക്, സാനിറ്റൈസർ, പിപിഇ കിറ്റ് വിതരണകേന്ദ്രങ്ങൾ, ഇ കൊമേഴ്‌സ് ഡെലിവറി വാഹനങ്ങൾ, ടോൾ ബൂത്ത്, പാലിയേറ്റീവ് കെയർ സേവനങ്ങൾ.
അവശ്യ സാധന നിർമാണകേന്ദ്രങ്ങൾ, പൂർണസമയ പ്രവർത്തനം ആവശ്യമായ ഉൽപ്പാദന കേന്ദ്രങ്ങൾ, മെഡിക്കൽ ഉൽപ്പന്ന വിതരണകേന്ദ്രങ്ങൾ, വ്യാവസായിക ഓക്സിജനെ മെഡിക്കൽ ഓക്സിജനായി മാറ്റുന്ന കേന്ദ്രങ്ങൾ, വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി
ഗതാഗത തടസ്സമില്ല
ഇതര സംസ്ഥാനത്തുനിന്നും വിദേശങ്ങളിൽനിന്നും വരുന്നവർക്ക് (യാത്രാ ടിക്കറ്റോ രേഖയോ ഹാജരാക്കണം)
ഹോട്ടലും ഹോംസ്റ്റേയും
ലോക്‌ഡൗണിൽപ്പെട്ട വിനോദ സഞ്ചാരികൾ, ആരോഗ്യപ്രവർത്തകർ, അത്യാവശ്യസേവനവിഭാഗം ജീവനക്കാർ, വിമാന, കപ്പൽ ജീവനക്കാർ എന്നിവർ തങ്ങുന്ന ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും ലോഡ്‌ജുകൾക്കും മോട്ടലുകൾക്കും പ്രവർത്തിക്കാം. ക്വാറന്റൈൻ ആവശ്യത്തിന് തെരഞ്ഞെടുത്തിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾക്കും തുറക്കാം.
റദ്ദാക്കിയ
ട്രെയിനുകൾ
ആലപ്പുഴ–- കൊല്ലം–- ആലപ്പുഴ മെമു, എറണാകുളം ജങ്‌ഷൻ–- ആലപ്പുഴ–- എറണാകുളം മെമു, ഷൊർണൂർ–- എറണാകുളം–- ഷൊർണൂർ മെമു എന്നിവ എട്ടുമുതൽ 31 വരെ റദ്ദാക്കി. ഷൊർണൂർ–- തിരുവനന്തപുരം (വേണാട്), തിരുനെൽവേലി–- പാലക്കാട് പാലരുവി എന്നിവ എട്ടുമുതൽ 31 വരെയും നിർത്തി. എറണാകുളം ജങ്‌ഷൻ–- തിരുവനന്തപുരം വഞ്ചിനാട് എട്ടുമുതൽ 31 വരെയും തിരുവനന്തപുരം– -എറണാകുളം ജങ്‌ഷൻ ട്രെയിൻ എട്ടുമുതൽ 31 വരെയും തിരു.– -മംഗളൂരു മംഗളൂരു എക്‌സ്‌പ്രസ് എട്ടുമുതൽ 31 വരെയും തിരിച്ചുള്ള വണ്ടി ഒമ്പതുമുതൽ ജൂൺ ഒന്നുവരെയും റദ്ദാക്കി.മംഗളൂരു–-നാഗർകോവിൽ ഏറനാട് എട്ടുമുതൽ 31 വരെയും തിരിച്ചുള്ള വണ്ടി ഒമ്പതുമുതൽ ജൂൺ ഒന്നുവരെയും ബംഗളൂരു–- എറണാകുളം ഇന്റർസിറ്റി ഒമ്പതുമുതൽ ജൂൺ ഒന്നുവരെയും മടക്ക ട്രെയിൻ എട്ടുമുതൽ 31 വരെയും യാത്ര റദ്ദാക്കി. ചെന്നൈ സെൻട്രൽ–- തിരു. എട്ടുമുതൽ 31 വരെയും മടക്ക ട്രെയിൻ ഒമ്പതുമുതൽ ജൂൺ ഒന്നുവരെയും റദ്ദാക്കി.
റദ്ദാക്കിയ മറ്റ് ട്രെയിനുകൾ: (തീയതി ബ്രാക്കറ്റിൽ)
കണ്ണൂർ– -തിരുവനന്തപുരം ജനശതാബ്ദി (മെയ് 10–-31), തിരുവനന്തപുരം– -കണ്ണൂർ ജനശതാബ്ദി ( ഒമ്പത്–-31), ചെന്നൈ എഗ്‌മോർ–- തിരുവനന്തപുരം (ഒമ്പത്, 16, 23, 30), തിരുവനന്തപുരം– -ചെന്നൈ എഗ്‌മോർ (എട്ട്, 15, 22, 29), കൊച്ചുവേളി–- മംഗളൂരു അന്ത്യോദയ (എട്ട്, 13, 15, 20, 22, 27,31), മംഗളൂരു–- കൊച്ചുവേളി അന്ത്യോദയ ( 9, 14, 16, 21, 23, 28, 30), എറണാകുളം–- ബനസ്‌വാടി (9, 16, 23, 30), ബനസ്‌വാടി–- എറണാകുളം (10, 17, 24, 31), തിരു.–- നിസാമുദ്ദീൻ (11, 18, 25), നിസാമുദ്ദീൻ–- തിരു. (14, 21, 28), താംബരം–- നാഗർകോവിൽ (എട്ട്–-31), നാഗർകോവിൽ– -താംബരം ( ഒമ്പത്–-ജൂൺ ഒന്ന്), ചെന്നൈ എഗ്‌മോർ–- നാഗർകോവിൽ (13, 20, 27), നാഗർകോവിൽ– -ചെന്നൈ (14, 21, 28), താംബരം–- നാഗർകോവിൽ (ഒമ്പത്–-31), നാഗർകോവിൽ–- താംബരം (10–-ജൂൺ ഒന്ന്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..