06 May Thursday

മാഞ്ചസ്റ്റർ സിറ്റി മാത്രം ; പിഎസ്‌ജി വീണു

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


ലണ്ടൻ
അത്ഭുതങ്ങൾ ഒന്നുമുണ്ടായില്ല. ഇത്തിഹാദിൽ പിഎസ്‌ജി വീണു. റിയാദ്‌ മഹ്‌റെസിന്റെ എണ്ണംപറഞ്ഞ രണ്ട്‌ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി കന്നി ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ ഉറപ്പിച്ചു. ഇരുപാദങ്ങളിലുമായി 4–-1. പരിക്ക്‌ കാരണം കിലിയൻ എംബാപ്പെ പുറത്തിരുന്നത്‌ ഫ്രഞ്ചുകാരുടെ തളർച്ച കൂട്ടി. മെയ്‌ 28ന്‌ ഇസ്‌താംബുളിലാണ്‌ കിരീടപ്പോരാട്ടം.

മഞ്ഞുവീണ സിറ്റിയുടെ ഇത്തിഹാദ്‌ മൈതാനത്ത്‌ കളിക്കുമുമ്പേ പിഎസ്‌ജി പിന്നിലായിരുന്നു. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിലെ 1–-2ന്റെ തോൽവിഭാരവുമായാണ്‌ അവർ എത്തിയത്‌. മുന്നേറാൻ രണ്ട്‌ ഗോൾ നിർബന്ധമായിരുന്നു മൗറീസിയോ പൊച്ചെട്ടീനോയുടെ കുട്ടികൾക്ക്‌. പെപ്‌ ഗ്വാർഡിയോളയുടെ സിറ്റിക്ക്‌ സമനില മതിയായിരുന്നു. മധ്യനിര കനപ്പിച്ചാണ്‌ ഗ്വാർഡിയോള ടീമിനെ അണിയിച്ചത്‌. റഹിം സ്‌റ്റെർലിങ്ങും സെർജിയോ അഗ്വേറോയും ഉൾപ്പെട്ട പ്രധാന മുന്നേറ്റക്കാർ ബെഞ്ചിലിരുന്നു. ഇരുവശത്തും നിലയുറപ്പിച്ച മഹ്‌റെസിനും ഫിൽ ഫോദെനുമായിരുന്നു ആക്രമണത്തിന്റെ ചുമതല.

ബെർണാർഡോ സിൽവയും കെവിൻ ഡി ബ്രയ്‌നും മധ്യത്തിൽ പന്തൊഴുക്കി. ഇകായ്‌ ഗുൺഡോവനും ഫെർണാണ്ടീന്യോയും എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു. പിഎസ്‌ജിക്കായി എംബാപ്പെയ്‌ക്കുപകരം മൗറോ ഇക്കാർഡിയായിരുന്നു മുന്നിൽ നെയ്‌മറിന്‌ കൂട്ട്‌. ഏഞ്ചൽ ഡി മരിയയും മാർകോ വെറാറ്റിയും കളി മെനഞ്ഞു.

വിസിൽ മുഴങ്ങിയ നേരംതൊട്ട്‌ പാരിസുകാരെ സിറ്റി പിടിച്ചുകെട്ടി. നെയ്‌മറിന്റെയും കൂട്ടാളികളുടെയും കാലുകളിൽ പന്തെത്തിയപ്പോഴെല്ലാം അവർ അനായാസം റാഞ്ചി. തന്ത്രങ്ങളുടെ ചാണക്യനായ ഗ്വാർഡിയോളയുടെ കളത്തിലെ വിന്യാസം ഫ്രഞ്ചുകാരെ ശ്വാസംമുട്ടിച്ചു. നെയ്‌മറും ഡി മരിയയും മുന്നേറാനാകാതെ പലപ്പോഴും പന്ത്‌ പിൻനിരയ്‌ക്ക്‌ നൽകി. 11–-ാം മിനിറ്റിൽ ഒലെക്‌സാണ്ടർ സിൻചെൻകോയുടെ മുന്നേറ്റത്തിലാണ്‌ സിറ്റി ആദ്യഗോൾ നേടിയത്‌. ഗോൾകീപ്പർ എഡേഴ്‌സണിന്റെ കിക്ക്‌ സ്വീകരിച്ച ഈ പിൻനിരക്കാരൻ ഇടതുമൂലയിലൂടെ കുതിച്ചു. ഉജ്വല ക്രോസ്‌ മഹ്‌റെസിന്‌. അൾജീയക്കാരൻ മനോഹരമായി പന്ത്‌ വലയിലാക്കി. സിറ്റി ആഘോഷിച്ചു. നെയ്‌മറിന്റെ കോർണറിൽ മാർകീന്വോസ്‌ തലവച്ചെങ്കിലും പന്ത്‌ ബാറിൽ തട്ടി മടങ്ങിയത്‌ പിഎസ്‌ജിക്ക്‌ നിരാശയായി.

പിന്നിലായതിന്റെ പതർച്ച പിഎസ്‌ജി കാട്ടിത്തുടങ്ങി. ഇനി മുന്നേറാൻ മൂന്ന്‌ ഗോളെങ്കിലും നേടണമെന്ന ബോധ്യം അവരെ തളർത്തി. ഇടവേള കഴിഞ്ഞെത്തിയ പാരിസ്‌ പടയ്‌ക്ക്‌ നിയന്ത്രണം വിട്ടു. ഇതിനിടയിൽ മഹ്‌റെസ്‌ അടുത്തത്‌ തൊടുത്തു. സിറ്റിയുടെ ഫൈനൽ ഉറപ്പിച്ചു. എല്ലാം നഷ്ടമായെന്നറിഞ്ഞ ഫ്രഞ്ചുകാർ കളി പരുക്കനാക്കി. ഫെർണാണ്ടീന്യോയെ ചവിട്ടി ഡി മരിയ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങി. കളത്തിൽ ഇടയ്‌ക്കിടെ കശപിശയുണ്ടായി. സിറ്റി വല ലക്ഷ്യമാക്കി ഒറ്റ പന്തുപോലും ഉന്നംവയ്‌ക്കാതെയാണ്‌ അവർ കീഴടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top