കൊച്ചി
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പുവിധിക്കെതിരെ സിപിഐ എം ഹൈക്കോടതിയെ സമീപിക്കും. ശബരിമലവിഷയം ഉന്നയിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ മതവികാരം ഉയർത്തിയെന്നും മതവിദ്വേഷത്തിന് ഇടയാക്കുന്ന വ്യാജപ്രചാരണത്തിലൂടെ യുഡിഎഫ് സ്ഥാനാർഥി യഥാർഥ ജനവിധി അട്ടിമറിച്ചെന്നും ആരോപിച്ചാണ് കോടതിയെ സമീപിക്കുന്നതെന്ന് സിപിഐ എം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സി എൻ സുന്ദരൻ പറഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ നടന്ന ക്രമക്കേടും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങളെല്ലാം ലംഘിച്ചുള്ള പ്രചാരണമാണ് യുഡിഎഫ് അഴിച്ചുവിട്ടത്. ശബരിമലവിഷയം ചർച്ചയാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നതാണ്. ശബരിമലവിഷയത്തിൽ സ്വരാജ് നടത്തിയ പ്രസംഗം വളച്ചൊടിച്ച് മത ധ്രുവീകരണത്തിന് ബോധപൂർവം ശ്രമിച്ചു. അതിനെതിരെ യഥാസമയത്ത് എൽഡിഎഫ് പരാതി നൽകിയിരുന്നു.
ശബരിമല കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ മണ്ഡലത്തിലാകെ പതിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്. കർമസമിതിയും പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള നിരവധി ഓഡിയോ ക്ലിപ്പുകളും വീഡിയോകളും എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിപ്പിച്ചതും ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. യുഡിഎഫ് സ്ഥാനാർഥിയുടെ യോഗങ്ങളിലും മതത്തെ ദുരുപയോഗിക്കുന്ന പരാമർശങ്ങൾ ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. ആയിരത്തിയെഴുന്നൂറിലധികം പോസ്റ്റൽ വോട്ടുകൾ അസാധുവായി കണക്കാക്കി മാറ്റിവച്ചിട്ടുണ്ട്.
80 വയസ്സ് കഴിഞ്ഞവർ, ക്വാറന്റീനിൽ കഴിയുന്നവർ തുടങ്ങിയവരുടെ വോട്ട് രേഖപ്പെടുത്തുമ്പോൾ ഉദ്യോഗസ്ഥർ വരുത്തിയ പിഴവിന്റെ ഫലമായാണ് വോട്ടുകൾ അസാധുവായത്. ഇക്കാര്യങ്ങളും കോടതിയിൽ ഉന്നയിക്കുമെന്ന് സി എൻ സുന്ദരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..