06 May Thursday

ഓക്‌സിജൻ ഉറപ്പാക്കുക ; കേന്ദ്രത്തോട്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021


ന്യൂഡൽഹി
രാജ്യത്ത്‌ വൻതോതിൽ മനുഷ്യജീവൻ കവരുന്ന കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്നും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതി രാജ്യവ്യാപകമായി തുടക്കമിടണമെന്നും സിപിഐ എം പിബി ആവശ്യപ്പെട്ടു. ആയിരക്കണക്കിന്‌ കോടി ചെലവഴിച്ചു തുടരുന്ന സെൻട്രൽ വിസ്‌ത പദ്ധതി നിർത്തിവയ്‌ക്കണമെന്നും ഈ പണം കോവിഡ്‌ പ്രതിരോധത്തിനായി ചെലവഴിക്കണമെന്നും പിബി ആവശ്യപ്പെട്ടു. ഒഴിവാക്കാമായിരുന്ന കോവിഡ്‌ മരണങ്ങളിൽ ദുഃഖം പ്രകടമാക്കിയ പിബി മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. 

ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണം.
വിപുലമായ വാക്‌സിനേഷൻ ഉടൻ നടപ്പാക്കണം. രാജ്യത്തിനകത്തും പുറത്തുമായി സാധ്യമായ എല്ലാ സ്രോതസ്സുകളിൽനിന്നും വാക്‌സിനുകൾ അടിയന്തരമായി സംഭരിക്കണം. പൊതുമേഖലയിലുള്ള എല്ലാ വാക്‌സിൻ നിർമാണ കേന്ദ്രങ്ങളും ഉപയോഗിക്കണം. ബജറ്റിൽ നീക്കിവച്ച 35000 കോടി രൂപ ഇത്തരമൊരു വാക്‌സിനേഷൻ പരിപാടിക്കായി ചെലവഴിക്കണം.

മഹാമാരി സൃഷ്ടിച്ച തടസ്സങ്ങളും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നടപ്പായിട്ടുള്ള അടച്ചിടലും ലക്ഷക്കണക്കിനാളുകളെ തൊഴിൽ രഹിതരാക്കിയിരിക്കയാണ്‌. തൊഴിൽ സംരക്ഷണത്തിനായുള്ള ഉത്തരവ്‌ പുറപ്പെടുവിക്കാൻ കേന്ദ്രത്തിനാണ്‌ അധികാരം. ജനങ്ങളുടെ ജീവിതോപാധി സംരക്ഷിക്കുന്നതിന്‌ ഈ അധികാരം കേന്ദ്രം പ്രയോജനപ്പെടുത്തണം.

ആദായനികുതി പരിധിക്ക്‌ പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നേരിട്ട്‌ നൽകണം. ഇതിന്‌ ഉടൻ തുടക്കമാകണം. കേന്ദ്ര ഗോഡൗണുകളിൽ കോടിക്കണക്കിന്‌ ടൺ ഭക്ഷ്യധാന്യം നശിക്കുകയാണ്‌. ആവശ്യക്കാർക്ക്‌ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യണം.

വലിയൊരു ദുരന്തത്തിന്റെ ഘട്ടത്തിലും ആയിരക്കണക്കിന്‌ കോടി ചെലവഴിച്ച്‌ സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ ക്രൂരതയാണ്‌. നിർമാണം അടിയന്തരമായി നിർത്തിവയ്‌ക്കുകയും ഈ പണം ഓക്‌സിജനും വാക്‌സിനും മറ്റ്‌ ആരോഗ്യ സംവിധാനങ്ങളും ഒരുക്കുന്നതിനായി ചെലവഴിക്കുകയും വേണം–- പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top