05 May Wednesday

പൾസ്‌ഓക്സിമീറ്ററിനും 
സ്‌റ്റീം ഇൻഹേലറിനും ക്ഷാമം

ലെനി ജോസഫ്‌Updated: Wednesday May 5, 2021


കോട്ടയം
കോവിഡ്‌ രോഗികളുടെ ഹൃദയമിടിപ്പും ശരീരത്തിലെ ഓക്സിജന്റെ അളവും  അറിയാനുള്ള പൾസ്‌–- ഓക്സിമീറ്ററിന്‌ സംസ്ഥാനത്ത്‌ കടുത്ത ക്ഷാമം. മിക്ക ജില്ലകളിലും കിട്ടാനില്ല. ആവി പിടിക്കാനുള്ള സ്‌റ്റീം  ഇൻഹേലറിന്റെ സ്ഥിതിയും ഇതുതന്നെ. എൻ 95 മാസ്‌ക്‌, ഡെറ്റോൾ എന്നിവയ്‌ക്കും ക്ഷാമമുണ്ട്‌. ഇന്ത്യയിലൊട്ടാകെ കോവിഡ്‌ കേസുകൾ വലിയ തോതിൽ ഉയർന്നതാണ്‌ കാരണം. ശരീരത്തിലെ ഓക്സിജൻ ലെവൽ 92ൽ താഴരുതെന്നും അത്‌ കോവിഡ്‌ രോഗികൾ വീട്ടിൽ കഴിയുമ്പോൾ തന്നെ, പൾസ്‌–- ഓക്സിമീറ്റർ ഉപയോഗിച്ച്‌ നിരീക്ഷിക്കുന്നത്‌ അപകടനില ഒഴിവാക്കാൻ നല്ലതാണെന്നും ആരോഗ്യവിദഗ്ധർ  ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ്‌ പൾസ്‌ –- ഓക്സിമീറ്ററിന്റെ ഉപയോഗം വർധിപ്പിച്ചത്‌. പലരും രോഗമില്ലെങ്കിലും മുൻകൂറായി വാങ്ങി സൂക്ഷിച്ചു.

അതുപോലെ തന്നെ ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസ്‌ വായുവിലൂടെ പകരുന്നതുമൂലം  രണ്ടു മാസ്‌കു ധരിക്കുകയോ കൂടുതൽ സുരക്ഷയുള്ള എൻ 95 മാസ്‌ക്‌ ധരിക്കുകയോ ചെയ്യണമെന്നാണ്‌ അധികൃതരുടെ നിർദ്ദേശം. ഇതാണ്‌ എൻ 95 മാസ്‌കിന്റെ ഉപയോഗം വർധിപ്പിച്ചത്‌. ഡെറ്റോളും  ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്‌ വിപണിയിൽ എത്തുന്നില്ല. കോവിഡിന്റെ ഒന്നാം വ്യാപനത്തിലും ഉപഭോഗം വർധിച്ചതിനാൽ ഡെറ്റോൾ കിട്ടാനില്ലായിരുന്നു.

ഓൺലൈൻ സ്‌റ്റോറിൽ നിന്നു പോലും പൾസ്‌–- ഓക്സിമീറ്റർ അടക്കമുള്ള കോവിഡ്‌ പ്രതിരോധ സാധനങ്ങൾ കിട്ടാൻ പ്രയാസം. ചില ഓൺലൈൻ സ്‌റ്റോറുകൾ  കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദൈനംദിന ഉപയോഗത്തിനുള്ള വസ്‌തുക്കൾ മാത്രമാണ്‌ വിതരണംചെയ്യുന്നത്‌. കോവിഡ്‌ പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കുന്ന ഓൺലൈൻ  സ്‌റ്റോറാണെങ്കിൽ ഇതേ കാരണംകൊണ്ടു തന്നെ സാധനം ലഭ്യമാക്കാൻ  കുറഞ്ഞത്‌ മൂന്നാഴ്‌ച വൈകുമെന്നാണ്‌ അറിയിക്കുന്നത്‌. ആശ വർക്കർമാർ വഴി പൾസ്‌ ഓക്സിമീറ്റർ രോഗികൾക്ക്‌ എത്തിക്കുന്നുണ്ട്‌. ഉപയോഗശേഷം അണുവിമുക്തമാക്കി അടുത്ത രോഗിക്കു നൽകുകയാണ്‌ പതിവ്‌.

അതിനിടെ ഡിമാൻഡ്‌ വർധിച്ചതോടെ പൾസ്‌ ഓക്സിമീറ്ററിന്റെ ഉൾപ്പെടെ വില ചിലയിടങ്ങളിൽ ഉയർന്നു. എൻ 95 മാസ്‌കിന്‌ മിക്കയിടത്തും ഇരട്ടിവിലയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top