കൊല്ലം
ഇനിയും അവഗണന സഹിച്ച് എൻഡിഎയിൽ തുടരേണ്ടതില്ലെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പൊതു അഭിപ്രായം. ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. 15ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥികളുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. സമിതി റിപ്പോർട്ട് പതിനഞ്ചിനകം നൽകണം.
റിപ്പോർട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പ്രവർത്തനത്തിൽ വീഴ്‌ചവരുത്തിയ മുന്നണിയുടെ മുഖ്യ സംയോജകർക്കും മണ്ഡലം സംയോജകന്മാർക്കുമെതിരെ സംഘടനാ നടപടി ആവശ്യപ്പെടാനും തീരുമാനിച്ചു. കൊല്ലത്ത് ബുധനാഴ്‌ച ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. തദ്ദേശ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്ഥാനാർഥികളെ ബിജെപി കാലുവാരി.
പ്രവർത്തനത്തിന് ബിജെപി നേതാക്കൾ ആരും എത്തിയില്ലെന്നും പാർടി ജില്ലാ പ്രസിഡന്റുമാർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പ്രകടനപത്രിക തയ്യാറാക്കുന്നതിൽ ബിഡിജെഎസിനെ പൂർണമായി അവഗണിച്ചു. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽനിന്ന് ബിഡിജെഎസിനെ ബോധപൂർവം ഒഴിവാക്കിയെന്നും പരാതിയുയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..