Latest NewsNewsIndia

കല്ല് തിന്നുന്ന മനുഷ്യൻ ; രാംദാസ് ദിവസവും 250 ഗ്രാം കല്ല് കഴിക്കുന്നതെന്തിന്

നമ്മുടെ ഈ ലോകത്ത് നിരവധി വിചിത്ര മനുഷ്യരുണ്ട്. കേട്ടാല്‍ ഞെട്ടിപ്പോകുന്ന വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുന്ന അത്തരക്കാര്‍ എല്ലാവര്‍ക്കുമൊരു അത്ഭുതമാണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ അദാര്‍ക്കി ഖുര്‍ദ് ഗ്രാമത്തില്‍ താമസിക്കുന്ന വൃദ്ധനായ രാംദാസ് ബോഡ്കെ അത്തരത്തില്‍ ഒരാളാണ്. കഴിഞ്ഞ 31 വര്‍ഷമായി രാംദാസ് ബോഡ്കെ ദിവസവും കഴിക്കുന്നതെന്തെന്നോ? കല്ലുകള്‍. വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാലും സംഭവം സത്യമാണ്. അദ്ദേഹം ദിവസവും 250 ഗ്രാം കല്ല് വീതം കഴിക്കുന്നു. രാംദാസിന്റെ സവിശേഷമായ ഈ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ പതര്‍ വാലെ ബാബ എന്ന് വിളിക്കുന്നു. ‘കല്ല് മനുഷ്യന്‍’ എന്നാണ് അതിനര്‍ത്ഥം.

Also Read:കേരളത്തിന് അടിയന്തിരമായി 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

എന്നാല്‍, അദ്ദേഹം എന്തിനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്?

1989 -ലാണ് അദ്ദേഹം മുംബൈയിലെത്തിപ്പെടുന്നത്. അവിടെ എത്തിയ അദ്ദേഹം ഒരു തൊഴിലാളിയായി ജോലി ചെയ്‌തു. എന്നാല്‍ അവിടെ വച്ച്‌ ഒരു ദിവസം അദ്ദേഹത്തിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. മാസങ്ങളോളം ചികിത്സിച്ചിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല. അദ്ദേഹം കാണാത്ത ഡോക്ടര്‍മാരില്ല, കഴിക്കാത്ത മരുന്നുകളില്ല. മൂന്നുവര്‍ഷത്തോളം മുംബൈയില്‍ തന്നെ അദ്ദേഹം ചികിത്സ തേടി. എന്നാല്‍ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന് ഒരു അറുതി വന്നില്ല. തുടര്‍ന്ന് അല്പം വിശ്രമം ആഗ്രഹിച്ച്‌ അദ്ദേഹം സതാരയില്‍ വന്ന് കൃഷി ആരംഭിച്ചു.

ഒരു ദിവസം വയലില്‍ പണി എടുത്തുകൊണ്ടിരിക്കുന്ന രാംദാസിനെ കാണാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സ്ത്രീ വന്നു. അവര്‍ അദ്ദേഹത്തോട് വയറു വേദനയുടെ കാര്യം തിരക്കി. തുടര്‍ന്ന് ദിവസവും കല്ല് കഴിച്ചാല്‍ മതി വേദന മാറുമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം കല്ല് കഴിക്കാന്‍ തുടങ്ങി. കുറച്ച്‌ ദിവസത്തിനുള്ളില്‍ തന്നെ തന്റെ വയറുവേദന മാറിയെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം, അദ്ദേഹം ദിവസവും കല്ലുകള്‍ കഴിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഈ ശീലം കഴിഞ്ഞ 31 വര്‍ഷമായി അദ്ദേഹം തുടരുന്നു.

കല്ലുകള്‍ കഴിക്കുന്ന വീഡിയോ വൈറലായതോടെ രാംദാസ് പ്രധാനവാര്‍ത്തകളില്‍ ഇടം നേടി. ആദ്യമൊക്കെ കല്ല് കഴിക്കാന്‍ കുടുംബം അദ്ദേഹത്തെ അനുവദിച്ചില്ലെങ്കിലും, ഇപ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും ഇതൊരു അത്ഭുതമാണ്. കല്ലുകള്‍ കഴിക്കുന്നതുകൊണ്ട് തനിക്ക് ഒരു ആരോഗ്യപ്രശനവുമില്ലെന്നും, താന്‍ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും രാംദാസ് പറയുന്നു. അതേസമയം, രാംദാസിന്റെ കല്ല് കഴിക്കുന്ന ശീലം മാനസികാരോഗ്യ പ്രശ്‌നമായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

Related Articles

Post Your Comments


Back to top button